Friday, April 24, 2009

എന്‍റെ പൊന്നു മാതൃഭൂമീ...

എന്‍റെ പൊന്നു മാതൃഭൂമീ...

നിര്‍ത്തി... ഇനി കളരിപരമ്പരദൈവങ്ങളാണേ, ഈ പത്രം ഞാന്‍ വായിക്കില്ല... ഓര്‍മ്മ വെച്ച കാലം മുതല്‍ വായിക്കുന്നതായിരുന്നു. ഇടക്കു കുറച്ചു നാള്‍ കേരളകൌമുദിയും വളരേക്കുറച്ചുനാള്‍ മനോരമയും വായിച്ചു എന്നതൊഴിച്ചാല്‍ മാതൃഭൂമി വിട്ടൊരു കളി ഉണ്ടായിരുന്നില്ല. പക്ഷേ, മനുഷ്യന്‍റെ ക്ഷമയ്ക്ക് ഒരതിരുണ്ടെന്നു പത്രാധിപര്‍ മനസ്സിലാക്കണമായിരുന്നു. ഈ വിവാദം എന്നു പറയുന്നത് ആരു കണ്ടുപിടിച്ച വാക്കാണാവോ, സമ്മതിക്കണം!

"വോട്ടു ചോര്‍ച്ച: CPM-ല്‍ ഗ്രൂപ്പുരാഷ്ട്രീയം പുകയുന്നു"

ഹായ്..എന്താ തലക്കെട്ടിന്‍റെ ഒരു പവറ്‌!! എന്താ പുതിയ സംഭവമെന്നു നോക്കാന്‍ ഒന്നു വായിച്ചപ്പോളല്ലേ സംഭവത്തിന്‍റെ ഒരു കെടപ്പുവശം പുടികിട്ടിയത്. ആരോ എന്തോ പറയുന്നുണ്ട്... കള്ളുഷാപ്പില്‍ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു, കലുങ്കിലിരുന്ന കണാരേട്ടന്‍റെയും മനസ്സില്‍ ഇതു തന്നെയാണെന്നു തോന്നുന്നു, പിണറായിയുടെയും വീയെസ്സിന്‍റെയും മുഖലക്ഷണം വെച്ച് അങ്ങനെയാവാനേ വഴിയുള്ളൂ, എന്ന മട്ടിലുള്ള ഒഴുക്കന്‍ വാര്‍ത്തകള്‍ അങ്ങനെ നിരത്തി വെച്ചിരിക്കുന്നു. കള്ളുകുടിച്ച് ആരോ വെച്ച തല്ലിപ്പൊളി വാള്‍ കാണുന്ന പ്രതീതിയാണ്‌ അതു കണ്ടപ്പൊ തോന്നിയത്. കുറേ നാളായി നിര്‍ത്തണം നിര്‍ത്തണം എന്നു വിചാരിച്ചോണ്ടിരിക്കുന്നു. ഇതോടെ തൃപ്തിയായി, ഉടനെ പത്രമിടുന്ന ചെക്കനെ വിളിച്ചു പറഞ്ഞു, "മോനേ ഈ മഞ്ഞപ്പത്രം ഇനി മേലാല്‍ എന്‍റെ പടിക്കലിടല്ലേടാ കുട്ടാ" എന്ന്... വായിച്ചില്ലെങ്കില്‍ ഇത്രയെന്ന്‌ണ്ട്... ഹല്ല പിന്നെ!

പത്രം നടത്തുന്ന ആള്‍ക്ക് ഒരു രാഷ്ട്രീയമുണ്ടായിരിക്കണം, ഒരു പാര്‍ട്ടിമെമ്പര്‍ഷിപ്പല്ല ഉദ്ദേശിച്ചത്. നാടിന്‍റെ ഗതിവിഗതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും അതിനെ വിശദീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള ആശയങ്ങളും വായനക്കാരിലെത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന നല്ല രാഷ്ട്രീയം. അല്ലാതെ രാഷ്ട്രീയത്തിന്‍റെ വിലയറിയാത്ത മൂന്നാംകിടപാര്‍ട്ടിപ്രവര്‍ത്തകരും അങ്ങനെ അവകാശപ്പെടുന്നവരും നടത്തുന്ന പൊറാട്ടുനാടകങ്ങളുടെ ഫോളോ-അപ് വാര്‍ത്തകളാവരുത് ദേശീയപ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന, മഹത്തായ ഒരു പാരമ്പര്യമുള്ള ഒരു പത്രത്തിന്‍റെ മുന്‍പേജില് ‍വരേണ്ടത്. അല്ലാ, ഈ പാരമ്പര്യമൊക്കെ കളഞ്ഞുകുളിച്ചിട്ട് കുറച്ചു നാളായെന്നറിയാം, നാണം നിങ്ങള്‍ക്കില്ലെങ്കിലും, ചിടുങ്ങുകളായിരുന്ന കാലത്ത് സ്കൂളില്‍ "ഞങ്ങടെ വീട്ടിലെ പേപ്പറാണ്‌ മോനേ നല്ലത്"എന്നും മറ്റും പറഞ്ഞു തുടങ്ങി, കോളേജ്‌ഹോസ്റ്റലില്‍ അടിയുടെ വക്കോളമെത്തിയ കമ്പാരിസണ്‍ വരെ നടത്തി സപ്പോര്‍ട്ട് ചെയ്ത ഞങ്ങള്‍ക്കുണ്ടെടോ നാണം! കഷ്ടം!

വീരേന്ദ്രകുമാറിന്‍റെ കുടുംബവുമായി കശപിശ ഉണ്ടായതിന്‍റെ പിറ്റേന്നു തന്നെ വളരേ "സ്വാഭാവികമായി" തുടങ്ങിയ ഈ വാളുവെപ്പ് കുറെയധികം ക്ഷമിച്ചു. അഴുക്കുവാര്‍ത്തകള്‍ ഒഴിവാക്കി മറ്റുള്ളവ വായിച്ചു സമാധാനിച്ചു, പക്ഷേ ശരിയാവില്ലാ... ഇതിനി നന്നാവാന്‍ പോണില്ലെന്നു മനസ്സിലായി. അതു കൊണ്ട് ഒഴിവാക്കി... ഇപ്പൊ മനസ്സിനൊരു സമാധാനം!

ഇത്തരത്തില്‍ വ്യാഖ്യാനങ്ങള്‍ മാത്രമെഴുതുന്ന നിലവാരമില്ലാത്ത പത്രപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത് വായനക്കാരുടെ സാമൂഹ്യബോധത്തെയും യാഥാര്‍ഥ്യത്തെ അറിയാനുള്ള അവകാശത്തെയുമാണെന്ന് ഇവരെന്നു തിരിച്ചറിയുമെന്നെനിക്കറിഞ്ഞൂട. "വോട്ടു ചോര്‍ത്തല്‍ വിജയപ്രതീക്ഷകളെ ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗികപക്ഷം"- ഏത് ഔദ്യോഗികപക്ഷം, ആരു പറഞ്ഞു എപ്പോ പറഞ്ഞു എന്നൊന്നും ഇല്ല. എസ്. സുശീലനു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പോലുള്ള നടപടികള്‍ ഇനിയുമുണ്ടാകുമുന്ന് സൂചന ഉണ്ടത്രേ! അതാരു പറഞ്ഞു, അങ്ങനെ ഒരു സൂചനയുണ്ടെന്നു തോന്നാന്‍ കാരണമെന്ത് എന്നൊന്നും വാര്‍ത്തയിലില്ല. അതെന്തേ, കുളിക്കടവില്‍ പെണ്ണുങ്ങള്‍ പറയുന്ന ഗോസിപ്പിന്‍റെ നിലവാരം പോലുമില്ലാത്ത ഇത്തരം കുതന്ത്രങ്ങള്‍ ഞങ്ങള്‍ ഉപ്പു കൂട്ടാതെ വിഴുങ്ങി "അമ്പട സീപീഎമ്മേ" എന്നും പറഞ്ഞു വായും പൊളിച്ചിരിക്കുമെന്നു കരുതുന്നുണ്ടോ??

വോട്ടു ചോര്‍ന്നാല്‍ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്ന് വീയെസ്സ് പക്ഷം പറഞ്ഞത്രെ. ശ്ശൊ!, ഭയങ്കരം തന്നെ. ഇതാരു പറഞ്ഞു എന്നൊന്നും ഇല്ല, അറ്റ്ലീസ്റ്റ് എപ്പൊ പറഞ്ഞു എവിടെ വെച്ചു പറഞ്ഞു എന്നെങ്കിലും ഒന്നു പറഞ്ഞൂടെ? ഈ "പക്ഷം" എവിടെയാണ് ഒളിച്ചിരുന്ന് മാതൃഭൂമിക്ക് വാര്‍ത്ത കൊടുക്കുന്നതെന്ന് ആരും മിണ്ടുന്നില്ല. പിന്നെയാണ്‌ കാര്യം മനസ്സിലായത്, ഒരൊറ്റ വരിയിലൂടെ കാര്യം പിടികിട്ടി. പൊന്നാനിയും, പിന്നെ ജനതാദളിനെ "പുറത്താക്കിയതുമാണ്‌" വോട്ടു ചോരാന്‍ കാരണമത്രെ! ജനതാദളിനെ പുറത്താക്കിയെന്ന് LDF എവിടെയെങ്കിലും പറഞ്ഞതായി ഈ പത്രം പോലും എഴുതിയതായി ഞാന്‍ വായിച്ച ഓര്‍മ്മയില്ല. പിന്നെ, ശ്രീ.വീരേന്ദ്രകുമാര്‍ എപ്പൊഴോ അങ്ങനെ ഒരു ഡയലോഗ് അടിക്കുന്നത് ഒരു ചാനലില്‍ കണ്ടു. അപ്പോ അതാണോ ഈ ധാര്‍മികരോഷത്തിന്‍റെ കാരണം എന്നു മനസ്സിലാവുമ്പോളാണ്‌ ഒരു സ്ഥിരം വായക്കാരനായഎനിക്ക് വേദന ഉണ്ടാവുന്നത്.

പത്രമുതലാളിയുടെ താല്‍പര്യങ്ങള്‍ മാറുന്നതിനനുസരിച്ചുള്ള ചീള്‌ വാര്‍ത്തകള്‍ വായിക്കാനാണെങ്കില്‍ അതിനു വേറെ ആളെ നോക്കണമെന്ന് ഈ അവസരത്തില്‍ ഞാന്‍ വിനീതനായി അറിയിക്കട്ടെ. ഊഹാപോഹങ്ങളും "അങ്ങനെയാവും, ഇങ്ങനെയായേക്കുമെന്ന് തോന്നാനും തോന്നാതിരിക്കാനും സാധ്യതായുണ്ടെന്ന് തോന്നുന്നു" എന്ന മട്ടിയുള്ള വാര്‍ത്തകളും വായിക്കാന്‍ ഇനി വയ്യ. പ്രധാനമന്ത്രിയാവാന്‍ കാരാട്ട് താല്‍പര്യം പ്രകടിപ്പിച്ചു എന്ന ഒരു വാര്‍ത്ത ഇതിനിടയില്‍ മാതൃഭൂമി എഴുതി, പുട്ടിനു പീര പോലെ ഒരു കാര്‍ട്ടൂണും പടച്ചുവിട്ടു. എന്നാല്‍ ഈ "വാര്‍ത്ത" ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഏജന്‍സി പിന്നീടതു തിരുത്തി, എന്നാല്‍ അതൊന്നും നമുക്കറിയേണ്ട എന്ന മട്ടില്‍ സ്വന്തം വാര്‍ത്ത പോലെ അതെടുത്ത് എനിക്ക് വായിക്കാന്‍ വേണ്ടി വിളമ്പിയ പത്രമേ, വായനക്കാരോട് ഒരല്‍പ്പമെങ്കിലും ബഹുമാനമൊക്കെയാവാം!

അപ്പൊ പറഞ്ഞു വന്നത്, ആ ബന്ധം അവസാനിച്ചു! നല്ല വാര്‍ത്തകളിലൂടെ ചുറ്റുമുള്ള സമൂഹത്തിന്‍റെ പ്രതിഫലനങ്ങള്‍ എനിക്ക് തന്ന നല്ല ലേഖകരുണ്ടായിരുന്നിട്ടും അതിനെയൊക്കെ മറച്ചു കളയുന്ന വൃത്തികേടുകളെയും കപടവാര്‍ത്താസ്രഷ്ടാക്കളുടെ ജല്‍പ്പനങ്ങളെയും സഹിക്കാന്‍ വയ്യ, വയ്യാഞ്ഞിട്ടാണ്‌. അപ്പൊ ആദ്യം പറഞ്ഞവര്‍ക്ക് ഒരു "ഹാറ്റ്സ് ഓഫ്" നല്‍കിയും, രണ്ടാമതു പറഞ്ഞവരുടെ മുഖത്തൊരു തുപ്പും തുപ്പി ഞാന്‍ നിര്‍ത്തുന്നു.

***

Wednesday, July 2, 2008

എന്തരോ വിവാദ നാടലു...

ഹൊ! ഒരു പാഠപുസ്തകത്തിന്‍റെ പേരില്‍ നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ കണ്ട് കലി കേറുന്നുണ്ട്. ഞാനും വായിച്ചു ഇപ്പറഞ്ഞ പുസ്തകം. ഇക്കണ്ട കോലാഹലമുണ്ടാക്കേണ്ട ഒരു വക കോപ്പും അതിനുള്ളിലില്ല, എന്നു മാത്രല്ല, അതിലുള്ളതൊക്കെ നല്ല അസ്സല്‍ പഠനവിഷയങ്ങള്‍ തന്നെയാണെന്നതിനൊരു സംശയവുമില്ല എന്നും മനസ്സിലായി. സമരം കണ്ടപ്പൊ സര്‍ക്കാര്‍ എന്തോ അക്രമം കുട്ടികളോട് കാണിക്കുന്നൂ എന്ന തോന്നലാണുണ്ടായതെങ്കിലും, വായിച്ചു കഴിഞ്ഞപ്പോള്‍ ആ അക്രമം കുട്ടികളോടു കാട്ടുന്നത് കഥയറിയാതെ ആട്ടം കാണുന്ന സമരക്കാരും അവരെക്കൊണ്ട് ചുടുചോറു വാരിയ്ക്കുന്ന നേതാക്കന്മാരും മതമേലാളന്മാരുമാണെന്ന് പകല്‍ പോലെ വ്യക്തമായി. ഈ പ്രതിപക്ഷം ബഹളമുണ്ടാക്കുന്നത് മനസ്സിലാക്കാം, എതിര്‍ചേരിയെ മുട്ടുകുത്തിക്കാനൊരു വടി കിട്ടിയാല്‍ ആരായാലും ഒന്നടിക്കാന്‍ നോക്കും, പക്ഷേ, ഈ പള്ളീലച്ചന്മാര്‍ക്കും മെത്രാന്മാര്‍ക്കുമൊന്നും ഒക്കെ എന്താണാവോ വേണ്ടത്? അതിനോട് കൂടാന്‍ ജാതിസംഘടനകളും.

ഒരൊറ്റ തോന്നലേ ഇതില്‍ നിന്നും ഉണ്ടാകുന്നുള്ളൂ. നാട്ടിലാര്‍ക്കും നല്ലത് ഒന്നും ആവശ്യമില്ല, വേണ്ടത് വിവാദങ്ങളാണ്‌, മാധ്യമങ്ങളുടെ ധര്‍മ്മം കൃത്യമായി അവര്‍ ചെയ്യുന്നുമുണ്ട്. എന്താ പൊലിപ്പിക്കല്‍! ഇന്നേ വരെ ഒരു ടി.വി. ചാനലും സ്വന്തം അഭിപ്രായം ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചു കണ്ടില്ല. അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു കണ്ടില്ല. ചര്‍ച്ച നടത്തി വേണമെങ്കില്‍ മാറ്റങ്ങളാകാമെന്ന് ബന്ധപ്പെട്ട മന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടും സമരമുഖത്തുള്ളവര്‍ നടിക്കുന്ന ബധിരത എന്തിനു വേണ്ടിയാണോ എന്തോ!

ചില "വിദ്യാഭ്യാസസംരക്ഷകര്‍" മലപ്പുറത്തു പുസ്തകം കത്തിച്ചു. പ്രസ്തുത പുസ്തകം വായിച്ചിട്ടുണ്ടോ എന്നതു പോട്ടെ, അതിലേതെങ്കിലുമൊരുത്തന്‍ എന്തെങ്കിലുമൊരു വിവേചനമുള്ളവനാണെങ്കില്‍ ഇത്തരത്തിലൊരു വൃത്തികേട് കാണിക്കുമായിരുന്നോ? ഇതേ പുസ്തകം കുട്ടികള്‍ പഠിക്കാന്‍ പോവുന്നവയാണേന്നോര്‍ത്തിരുന്നെങ്കില്‍, അല്ലെങ്കില്‍ കുട്ടികള്‍ക്ക് പുസ്തകത്തോടെന്നല്ല ഏതൊരു പഠനസാമഗ്രിയോടുമുള്ള അഥവാ ഉണ്ടായിരിക്കേണ്ട ബഹുമാനത്തെക്കുറിച്ചോര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെയൊരു ധിക്കാരം കാണിക്കാന്‍ പാടുള്ളതായിരൂന്നോ... എവടെ..ആരോടിതൊക്കെപ്പറയാന്‍!!

ഇനിയൊന്ന്, ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഇനി മതത്തിന്‌ പ്രാധാന്യമില്ലാത്ത ഒരു ആശയത്തെപ്പറ്റി ആരെങ്കിലും കുട്ടികളെ പഠിപ്പിക്കാന്‍ നോക്കിയെന്നിരിക്കട്ടെ. അതിലെന്താണ്‌ തെറ്റ്? മതവും ജാതിയുമൊക്കെപ്പറഞ്ഞ് നാട്ടാരെ തമ്മില്‍ത്തല്ലിച്ചും മറ്റും കുറേക്കാലം നേതാക്കന്മാരും മതമേലധ്യക്ഷന്മാരും ഇന്നാട്ടില്‍ പുട്ടടിച്ചില്ലേ? അതിലൊരു മാറ്റം വരുന്നതില്‍ ഞാനുള്‍പ്പെടെയുള്ള ഒരു സമൂഹത്തിന്‌ യാതൊരു പരാതിയുമില്ല, എന്നല്ല അത്തരമൊരു സാമൂഹികാവസ്ഥയെ സ്വപ്നം കണ്ടു കഴിയുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്നാട്ടിലുണ്ട്. സണ്‍ഡേ സ്കൂളെന്നും മദ്രസയെന്നും പറഞ്ഞ് കുട്ടികളെ വ്യത്യസ്ത മതചിന്തകള്‍ പഠിപ്പിക്കുമ്പോ അതിനേക്കാള്‍ ശ്രേഷ്ഠമായ മതനിരപേക്ഷതയെപ്പറ്റിയും കുറച്ചൊക്കെ അവര്‍ക്കു പറഞ്ഞു കൊടുക്കാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ പ്രസ്തുത പാഠഭാഗം ഉയര്‍ന്ന നിലവാരത്തിലുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ട് അതിനോടുള്ള എന്‍റെ എല്ലാവിധ പിന്തുണയും, ഒരു എളിയ വോട്ടറെന്ന നിലയില്‍ ഞാന്‍ ഇതിലൂടെ അറിയിക്കുന്നു.

ഏതെങ്കിലുമൊരു മതത്തെ അധിക്ഷേപിക്കാനോ മറ്റോ ഒരു ശ്രമം അതില്‍ നടന്നതായി തോന്നുന്നില്ല. മാത്രവുമല്ല, വിവാദപാഠഭാഗത്തില്‍, "വലുതാകുമ്പോള്‍ അവനു തോന്നിയ മതം തെരഞ്ഞെടുത്തോട്ടെ" എന്നു പറയുന്നുമുണ്ട്. എത്ര നല്ല ആശയമാണത്. ഈ നാടു ഭരിച്ച ഒരു പ്രധാനമന്ത്രിയുടെ, അതിനേക്കാളുപരി ഇന്നാടിന്‍റെ വികസനത്തിനും അസ്ഥിത്വത്തിലും തറക്കല്ലില്ല ഒരു വ്യക്തിയുടെ, നെഹ്രുവിന്‍റെ, മതനിരപേക്ഷതയുടെ മുഖം കാണിച്ചതില്‍ എന്താണ്‌ തെറ്റ്? ഒരു പ്രകൃതിദുരന്തമുണ്ടാവുമ്പോള്‍ ഏതു മതവിഭാഗത്തെയാണ്‌ അതു കൂടുതല്‍ ബാധിക്കുക എന്ന ചോദ്യം കുട്ടികളോട് ചോദിക്കുന്നതു വഴി എത്രയോ ആശയസമ്പുഷ്ടമായ ഒരു വിഷയമാണ്‌ അവരുടെ ചിന്താധാരയിലേയ്ക്ക് പകര്‍ന്നു നല്‍കുന്നതെന്നു മനസ്സിലാക്കാന്‍ സാമാന്യചിന്താശേഷിയുള്ള ഏതൊരു മനുഷ്യനും സാധിക്കും. ഒരു വര്‍ഗ്ഗീയകലാപമുണ്ടായാല്‍, ജനങ്ങളെ സഹായിക്കാന്‍ നമുക്കെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നു കുട്ടികളോടു ചോദിക്കുന്നതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? വിവിധമതത്തില്‍പ്പെട്ടവര്‍ ഒത്തൊരുമയോടെ നിന്നു കൊണ്ട് പൊതുപ്രശ്നങ്ങളെ നേരിട്ട സന്ദര്‍ഭങ്ങള്‍ കണ്ടെത്താനാവശ്യപ്പെടുന്നതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനാന്‍ ആഹ്വാനം ചെയ്യുന്ന മഹാഭാരതത്തിലെയും ബൈബിളിലെയും ഖുറാനിലെയും ഉദ്ധരണികള്‍ കൊടുത്തതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? എങ്കില്‍ ആ കമ്യൂണിസ്റ്റ്വല്‍ക്കരണത്തെ ഞാന്‍ എന്‍റെ മനസ്സു കൊണ്ടും വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും പിന്തുണയ്ക്കുന്നു. അതിനെ എതിര്‍ക്കുന്നവരാണ്‌ ഇന്നാടിനെ വര്‍ഗ്ഗീയ ശക്തികള്‍ക്കടിയറവു വെക്കാന്‍ ശ്രമിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഇതോടൊപ്പം തന്നെ, വിവാദമുയര്‍ത്തുന്ന പാഠഭാഗം എല്ലാവരും വായിക്കണമെന്നും സ്വന്തമായ ഒരു അഭിപ്രായപ്രകടനം അതിലൂടെ രൂപീകരിക്കണമെന്നും, കുട്ടികളിലെ ജാതി-മത ചിന്തകളെ ദൂരീകരിച്ച് താന്‍ വളരുന്ന സമൂഹത്തിന്‍റെ നന്മയ്ക്കു വേണ്ടി അവരെ പ്രാപ്തരാക്കാനുതകുന്ന ഇത്തരമൊരു സംരഭത്തെ തുരങ്കം വെക്കാനുള്ള രാഷ്ട്രീയപ്രേരിതമായ അക്രമങ്ങളെ അപലപിക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.

(പ്രസ്തുതപാഠഭാഗം ചേര്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഇവിടെ നിന്നും അപ്-ലോഡ് ചെയ്യാന്‍ സാങ്കേതികതടസ്സമുള്ളതിനാല്‍ പറ്റിയില്ല.)

Monday, May 21, 2007

ചില മാധ്യമവിചാരങ്ങള്‍

കുറച്ചു കാലമായി രാഷ്ട്രീയകാര്യങ്ങളിലുള്ള മാധ്യമങ്ങളുടെ സമീപനമാണ്‌ ഈ പോസ്റ്റിനുള്ള പ്രചോദനം. നേരിട്ടു വിഷയത്തിലേക്കു കടക്കാം. പൊതുവെ എല്ലാ മാധ്യമങ്ങളും വാര്‍ത്തകളുടെ സത്ത, അവയുടെ സാധുത, അവയുടെ പ്രാധാന്യം ഇതൊന്നും തന്നെ വിഷയമാക്കാതെയോ അല്ലെങ്കില്‍ മനഃപൂര്വം അറിയാതെ നടിച്ചു കൊണ്ടോ ആണ്‌ അവ പ്രസിദ്ധീകരിക്കുന്നത്. പ്രധാനമായും ഇതു ശ്രദ്ധയില്‍പ്പെടുന്നത് സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി, മൂന്നാര്‍ നടപടികളോടുള്ള മാധ്യമനിലപാടാണ്‌. പല മാധ്യമങ്ങളും, (പത്രം ഒന്നു മാത്രമേ വായിക്കാന്‍ സമയമുള്ളൂ എന്നതിനാല്‍ ചാനലുകളെയാണ്‌ മുഖ്യമായും ഉദ്ദേശിച്ചിട്ടുള്ളത്)

ചില ഉദാഹരണങ്ങള്‍:
20-05-07 വൈകീട്ടത്തെ മുന്‍ഷിയില്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെ ഒട്ടു മിക്ക ചാനലുകളും മാതൃഭൂമി പത്രവും വി.എസ്സിന്റെയും പിണറായിയുടെയും അഭിപ്രായപ്രകടനങ്ങളെ വളരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ്‌ അവതരിപ്പിച്ചത്. പിണറായി പയ്യാമ്പലത്തു പറഞ്ഞത്, "സര്‍ക്കാരിന്റെ നടപടികളെല്ലാം തന്നെ എല്‍.ഡി.എഫിന്റെ തീരുമാനങ്ങളാണെന്നാന്‌. അതു തന്നെയാണ്‌ വീയെസ്സും മറ്റൊരിടത്തു പറഞ്ഞത്. എന്നാല്‍ ഇതു രണ്ടും ഒരേ വാര്‍ത്തശകലത്തില്‍ റിപോര്‍ട്ട് ചെയ്ത ആള്‍ക്കു മാത്രം "ക്രെഡിറ്റിന്റെ പേരില്‍ ഭിന്നത" എന്നു തോന്നാന്‍ കാരണമെന്താണെന്നു മനസ്സിലായില്ല. വീയെസ്സും പിണറായിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും പരസ്യമായി ഒരു യുദ്ധമൊന്നും നടന്നിട്ടില്ല. മറിച്ച്, സംഘടനയില്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ്‌ നടപ്പിലാവുന്നത്. അഭിപ്രായം ആരു പറയുന്നു എന്നതിനേക്കാള്‍ സംഘടന എന്തു തീരുമാനിക്കുന്നു എന്നതിനാണ്‌ പ്രാധാന്യം എന്ന് യഥാര്‍ത്ഥ സംഘടനബോധം എന്തെന്ന് അറിയുനവര്‍ക്കല്ലേ മനസ്സിലാവൂ. ഇനി മറിച്ചു ചിന്തിക്കുന്നവര്‍ക്കു വേണ്ടിയാണ്‌ അത്തരം വാര്‍ത്തകളെങ്കില്‍, ഞാനിതു പറഞ്ഞിട്ടില്ല. :)

വീയെസ്സിനെയും പിണറായിയെയും രണ്ടു ധ്രുവങ്ങളിലാക്കി ചിത്രീകരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ വളരെ വ്യക്തമാണ്‌. പാര്‍ട്ടി എടുക്കുന്ന ശരിയും ധീരവുമായ തീരുമാനങ്ങളെ വീയെസ്സിന്റെ മാത്രം ക്രെഡിറ്റായി വരച്ചു കാട്ടുകയും പിണറായിയെയും മറ്റു നേതാക്കളെയും വീയെസ്സ് വിരോധികള്‍ അഥവ നാടിന്റെ നന്മയ്ക്കു വിഘാതം നില്‍ക്കുന്നവരെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുക. പക്ഷേ, ഇതൊരു വെറും ബാലിശമായ ശ്രമമാണ്‌, ഒരു യഥാര്‍ത്ഥ പൌരനും ആരുടെ തീരുമാനമാന്‌ നടപ്പിലാവുന്നത് എന്നതിനേക്കാള്‍ എന്താണ്‌ സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നാണ്‌ ചിന്തിക്കുക, അല്ലെങ്കില്‍ ചിന്തിക്കേണ്ടത്. അവന്റെ അഭിപ്രായരൂപീകരണവും അതിനെ ആശ്രയിച്ചായിരിക്കണം. വീയെസ്സിന്റെ നയങ്ങളോട് എന്നും പിണറായിയും മറ്റു നേതാക്കളും എതിര്‍ക്കുകയാണെങ്കില്‍ കേരളം കണ്ട ഏറ്റവും കരുത്തരായ മുഖ്യമന്ത്രിമാരില്‍ ഒരാളായ വീയെസ്സ് ആ പണി അവസാനിപ്പിച്ച് എന്നേ കുടുംബത്തു പോയി വിശ്രമിച്ചേനെ. വീയെസ്സ് നട്ടെല്ലുള്ളവനാണ്‌. അതിന്റെ അര്‍ഥം പാര്‍ട്ടിയിലെ മറ്റു നേതാക്കന്‍മാര്‍ക്കതില്ല എന്നല്ല. എന്തൊക്കെ പറഞ്ഞാലും ഒരാള്‍ക്കല്ലേ മുഖ്യമന്ത്രി ആകാന്‍ പറ്റൂ. :)

മാധ്യമസമീപനത്തെക്കുറിച്ചു ഒരു അഭിപ്രായം:

നാടിന്റെ ശരിയായ പ്രശ്നങ്ങളേക്കാള്‍ അനാവശ്യവിവാദങ്ങളെ ഊതിപ്പെരുപ്പിക്കുന്ന പുതിയ മാധ്യമസംസ്കാരം ദയവായി വളര്‍ത്താതിരിക്കുക. മനസ്സു കൊണ്ട് സ്വന്തം നാടിനെ അതിയായി സ്നേഹിക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്കു വളരെ അരോചകമായിട്ടാണ്‌ ഇത്തരം സമീപനങ്ങള്‍ അനുഭവപ്പെടുന്നത്. സ്മാര്‍ട്ട് സിറ്റി ആരു കോണ്ടു വന്നു എന്നതിനേക്കാള്‍, അത് ശരിയായ രീതിയില്‍ "വന്നോ" എന്നാണ്‌ ഞങ്ങള്‍ നോക്കുന്നത്. ദയവായി ആ സത്യം കണ്ടില്ലെന്നു നടിക്കരുത്. മാധ്യമങ്ങള്‍ സ്വന്തം അജണ്ട വെച്ചു പെരുമാറണ്ട. അതു വളരെ വ്യക്തവും ബോറുമാണ്‌.
 
ജാലകം