Tuesday, November 10, 2009

എന്താ കഥ!

മലയാളക്കരയിലും ബൂലോഗത്തിലും ആകെ മൊത്തം ടോട്ടല്‍ ആയി ഒരു ഇടതുവിരുദ്ധതരംഗമടിച്ചുവീശി തകര്‍ത്തു നില്‍ക്കുകയാണല്ലൊ. ശരി, ഇരിക്കട്ടെ. ചില എഴുത്തുകളൊക്കെ കണ്ടാല്‍ തോന്നുന്നത് ഇടതന്മാര്‍ക്കൊറ്റ വോട്ടു പോലും കിട്ടിയില്ല. അവരെ ആരും മൈന്‍ഡ് ചെയ്തില്ല, എല്ലാവരും അതിഭീകരമായി തോറ്റു പോയി എന്നൊക്കെയാണ്‌. അതും ഇരിക്കട്ടെ.

എന്നാല്‍...
ഈ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വോട്ട് കുറഞ്ഞു എന്ന് അന്ധമായ ഇടതുവിരുദ്ധതയുടെ തിമിരം ബാധിച്ച "നിക്ഷ്പക്ഷര്‍ക്ക്" പറയാന്‍ സാധിക്കുമോ എന്നൊന്ന് നോക്കട്ടെ. വെറുതെ ഇടതിനെ കുറ്റം പറഞ്ഞു നടന്നതു കൊണ്ടായില്ല, അതില്‍ എന്തെങ്കിലും കാരണം വേണം. ജനങ്ങളെല്ലാം സ്വയം ചിന്തിച്ചുറപ്പിച്ചല്ല പോളിങ്ങ്ബൂത്തില്‍ ചെല്ലുന്നത്. ആ നിമിഷം വരെയും അവര്‍ കണ്ടതും കേട്ടതുമായ സംഭവങ്ങള്‍ അവരുടെ തീരുമാനത്തെ ബാധിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെയും അനാവശ്യമായ വിവാദങ്ങളിലൂടെയും ജനശ്രദ്ധ യഥാര്‍ഥപ്രശ്നങ്ങളില്‍ നിന്നും തിരിച്ചു വിട്ട UDF അതിസമര്‍ത്ഥമായി വിജയം നേടി എന്നത് വാസ്തവം തന്നെ, അതും വ്യക്തമായ ഭൂരിപക്ഷത്തോടെ തങ്ങള്‍ വിജയിക്കാറുള്ള തങ്ങളുടെ സിറ്റിങ്ങ് സീറ്റുകളില്‍‍. എന്നാല്‍ അതില്‍ ഇടതുപക്ഷത്തിനു കാര്യമായ പരിഭ്രമം ഉണ്ടാകുമെന്നു ധരിക്കുന്നത് തെറ്റാണ്‌, കാരണം ഒരിടത്തു പോലും ഇടതിനു കിട്ടിയ വോട്ടുകളില്‍ കാര്യമായ കുറവുണ്ടായിട്ടില്ല ;എന്നു മാത്രമല്ല, ആലപ്പുഴയില്‍ അതീവശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും ചെയ്തു.

ചുരുക്കത്തില്‍ ജനങ്ങള്‍ ഇടതിനെ തള്ളിക്കളഞ്ഞു, ഭാരതത്തില്‍ കമ്യൂണിസം അവസാനിച്ചു എന്ന മട്ടിലൊക്കെയുള്ള ജല്‍പനങ്ങള്‍ വെറും അവസരവാദികളായ നാലാംകിട രാഷ്ട്രീയക്കാരുടെ സമര്‍ത്ഥവും ദുര്‍മ്മോഹപരവുമായ പ്രചാരണരീതികളാണ്‌. ദൌര്‍ഭാഗ്യവശാല്‍ ഒരു മാതിരിപ്പെട്ടവരൊക്കെ അതു വിശ്വസിക്കുകയും ചെയ്യും. അതു കൊണ്ടാണല്ലോ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പല നുണപ്രചാരണങ്ങള്‍ക്കും "വിദ്യാസമ്പന്നമായ" മലയാളിസമൂഹത്തില്‍ പ്രാധാന്യം ലഭിക്കുന്നത്. UDF- ന്‍റെ ആറായിരത്തോളം കള്ളവോട്ടുകള്‍ തള്ളിയതും കള്ളവോട്ട് ചേര്‍ക്കാന്‍ വന്ന UDF ന്‍റെ പഞ്ചായത്ത് അംഗമുള്‍പ്പെടെയുള്ളവര്‍ കയ്യോടെ പിടിയിലായതുമൊന്നും ഇവിടെ വാര്‍ത്തയായില്ല. എന്നാല്‍ അത്തരത്തിലൊരാള്‍, വേണ്ട, പണ്ടെങ്ങാണ്ട് LDF ന്‍റെ ഒരു ജാഥ കണ്ടു നിന്ന ഒരാള്‍ എങ്ങാനുമാണ്‌ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇവിടെ എന്താകുമായിരുന്നു പുകില്‌, ചര്‍ച്ച, sms, ഫോക്കസ്, എന്നിങ്ങനെ രംഗമാകെ ചൂടു പിടിക്കില്ലായിരുന്നോ.

പോള്‍ജോര്‍ജ്ജ് വധക്കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കിടെ ഒരിക്കല്‍ മൂപ്പരുമായി ഒരു ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നു. അതില്‍ യൂത്ത്കോണ്‍ഗ്രസ്സിന്‍റെ ലിജു പറഞ്ഞ ആരോപണം കേട്ട് തല പെരുത്തു പോയി. ഓംപ്രകാശ് UAE യില്‍ ഉണ്ടായിരുന്നെന്നു ഏഷ്യാനെറ്റ് പറയുന്നു (അത് ഉഗ്രന്‍ ബോംബായിരുന്നെന്ന് പിന്നെ തെളിഞ്ഞു). ബിനീഷും അവിടെയാണ്‌, അതു കൊണ്ട് അന്വേഷണം ആ വഴിക്ക് വേണമത്രെ. "ഹാജി മസ്താനും ദാവൂദ് ഇബ്രാഹിമുമെല്ലാം UAE യില്‍ ഉണ്ട് ലിജൂ" എന്ന ബിനീഷിന്‍റെ മറുപടി കുറിക്കു കൊണ്ടെന്നു വേണം കരുതാന്‍, കാരണം ലിജു പിന്നെ ഈ ആരോപണമുന്നയിച്ചു കണ്ടില്ല. എന്നാല്‍ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അനാവശ്യമായി, നമ്മുടെ നാടിന്‍റെ രാഷ്ട്രീയപ്രതിച്ഛായക്ക് കളങ്കം വരുത്തുന്ന രീതിയില്‍ മുതിര്‍ന്ന നേതാക്കള്‍ ഏറ്റു പിടിക്കുമ്പോളാണ്‌ ഇവിടത്തെ ആരോഗ്യകരമായ അന്തരീക്ഷം തകരുന്നത്.

ചൈനാ ചാരന്മാരെന്നുള്ള പതിവ് വിശേഷണങ്ങളെന്തോ ഇത്തവണ അധികം കണ്ടില്ല. പ്രത്യയശാസ്ത്രപരമായി സാമ്യമുള്ള ഒരു ജനതയോട് തോന്നുന്ന വൈകാരികമായ താല്‍പര്യമെന്നതിലുപരി LDF നു ചൈനയോടാണ്‌ വിധേയത്വമെന്നൊക്കെ പറയാന്‍ കുറച്ചൊന്നും തൊലിക്കട്ടി പോര. 1962-ല്‍ ചൈനക്കൊപ്പം നിന്നത്രെ. ആരും ചൈനക്കൊപ്പം നിന്നില്ല, അവര്‍ക്കു വേണ്ടി സംസാരിച്ചുമില്ല. മറിച്ച് നമ്മള്‍ ചെയ്യുന്നതു തെറ്റാണെന്നും ചര്‍ച്ചയിലൂടെ ഭിന്നതകള്‍ പരിഹരിക്കണമെന്നും തുറന്നു പറയുന്നതെങ്ങനെ വിധേയത്വമാകും? സംശയമുള്ളവര്‍ ചരിത്രം പരിശോധിക്കട്ടെ, ആരായിരുന്നു പ്രകോപനപരമാഅയ forward policy പ്രയോഗിച്ചതെന്നും യുദ്ധത്തിനുള്ള യഥാര്‍ത്ഥ കാരണങ്ങളെന്തായിരുന്നെന്നും. ബൂലോഗം മാത്രം ലഭ്യമായവര്‍ക്ക് വിക്കി-യിലെ ലേഖനങ്ങളും ഇന്ത്യാ ഗവണ്മെന്‍റിന്‍റെ പ്രസിദ്ധപ്പെടുത്തിയ ഔദ്യോഗികവെബ്പേജുകളും പരിശോധിക്കാം. വെറുതെ ഒരു ആരോപണമുന്നയിക്കുന്നതിനേക്കാള്‍ മുന്‍പ് അതിലെന്തെങ്കിലും സത്യമുണ്ടോ എന്നന്വേഷിക്കുന്നത് ആരോഗ്യകരമായാ വാദപ്രതിവാദങ്ങളെ സഹായിക്കുകയേ ഉള്ളൂ. എന്നാല്‍ വേണ്ടത് വിവാദങ്ങളും തെറ്റിദ്ധാരണാജനകങ്ങളായ സാമൂഹ്യാന്തരീക്ഷവുമാവുമ്പോള്‍ എന്തു സത്യം? എന്തു നീതി?

തങ്ങള്‍ പ്രചരിപ്പിച്ച പല കഥകളും വാര്‍ത്തകളും ദിവസേനയെന്നോണം പൊളിഞ്ഞടുങ്ങുന്നതു കണ്ടിട്ടും അതിലൊന്നും ഒരു ഖേദം പോലും പ്രകടിപ്പിക്കാത്ത, ഒരു തിരുത്തു പോലും കൊടുക്കാത്ത മാതൃഭൂമിയും മനോരമയുമുള്‍പ്പെടെയുള്ള പത്രങ്ങള്‍ ഇന്ന് നാടിന്‍റെ സാമൂഹികവും സാംസ്കാരികവുമായ അഭിവൃദ്ധി കാംക്ഷിക്കുന്ന എന്നെപ്പോലുള്ള പതിനായിരങ്ങള്‍ക്ക് തീരാക്കളങ്കമാണ്‌. ഈ രണ്ടു പത്രങ്ങളും നടത്തുന്ന നുണപ്രചരണത്തിന്‍റെ സത്യാവസ്ഥകള്‍ കണക്കുകളും രേഖകളും വെച്ച് ഖണ്ഡിച്ചു കൊണ്ട് ദേശാഭിമാനി-യില്‍ ദിവസേന വാര്‍ത്തകള്‍ വന്നിരുന്നു. അതെത്ര മാത്രം സാധാരണക്കാരിലെത്തിയെന്നുള്ളത് വേറെ കാര്യം. എത്ര കടുത്ത രാഷ്ട്രീയചായ്‌വുള്ളതാണെങ്കിലും വായനക്കാര്‍ക്കു മുന്നില്‍ സത്യത്തെ തുറന്നു കാട്ടാന്‍ നടത്തിയ ആ ശ്രമത്തെ ഞാന്‍ അംഗീകരിക്കുന്നു. ദേശാഭിമാനി അതിന്‍റെ പേര്‌ അന്വര്‍ഥമാക്കി എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

മുഖ്യമന്ത്രിയുടെയും പാര്‍ട്ടിസെക്രട്ടറിയുടെയും സംസാരത്തില്‍ നിന്ന് നിരൂപിച്ചെടുക്കാവുന്ന അഭിപ്രായവ്യത്യാസങ്ങളൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു കൌതുകവാര്‍ത്ത മാത്രമാണ്‌, അതു LDF ആയാലും UDF ആയാലും. എന്നാല്‍ നഷ്ടത്തിലോടിയിരുന്ന 27-ഓളം പൊതുമേഖലാസ്ഥാപനങ്ങളെ ലാഭകരമാക്കാന്‍ സാധിച്ചതും വില്‍ക്കാന്‍ വെച്ചിരുന്ന സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് നല്ല രീതിയില്‍ നടത്തി ലാഭത്തിലെത്തിച്ചതുമെല്ലാം എനിക്ക് പ്രധാനവാര്‍ത്തയാണ്‌. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കെടുത്തപ്പോള്‍, ഏറ്റവും കൂടുതല്‍ വ്യവസായസംരംഭങ്ങള്‍ക്ക് (സ്വകാര്യവും അല്ലാത്തതുമായവ) തുടക്കമിട്ടത് ഇക്കഴിഞ്ഞ 3 വര്‍ഷങ്ങളിലാണ്‌ എന്നുള്ളതും എനിക്ക് പ്രധാനവാര്‍ത്തയാണ്‌.

എന്‍റെ നാട് വെറും കച്ചവടമനസ്ഥിതിക്കാരുടെ ഒരു സമ്മേളനഭൂമിയായിക്കാണാന്‍ എനിക്കാഗ്രഹമില്ല. അതു കൊണ്ട് തന്നെ വികസനം വികസനം എന്ന പേരില്‍ പൊതുസ്ഥലങ്ങളും പൊതുസ്വത്തുക്കളും സര്‍ക്കാര്‍ഭൂമിയും ഒരു കുത്തകവര്‍ഗ്ഗത്തിനു കൈമാറുന്ന പുത്തന്‍പ്രവണതകളെ എനിക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതൊരു താല്‍ക്കാലികമായ ആശ്വാസം മാത്രമേ ജനങ്ങള്‍ക്കു നല്‍കൂ എന്നത് സത്യമായ കാര്യമാണ്‌. ഈയിടെ ഒരു സുഹൃത്തിന്‍റെ സംസാരത്തില്‍ നിന്നും കേട്ട കാര്യമാണ്‌, കേരളത്തില്‍ പവര്‍കട്ട് ഒഴിവാക്കാന്‍ സാധിക്കുന്നതും മിച്ചവൈദ്യുതി ഉണ്ടെങ്കില്‍ അതിനു കാരണവും വ്യവസായങ്ങളുടെ എണ്ണത്തിലുള്ള കുറവാണ്‌. സത്യമാണ്‌, വ്യവസായങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്‌. പക്ഷെ, അദ്ദേഹം അത് ഇടതുപക്ഷത്തിന്‍റെ നിഷേധാത്മകമായ നിലപാടു മൂലമാണെന്ന രീതിയിലാണ്‌ സംസാരിച്ചത്. പക്ഷേ, ഏതൊരു വര്‍ഷത്തെ കണക്കെടുത്താലും ഏറ്റവുമധികം പൊതുമേഖലാസംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം കിട്ടിയിട്ടുള്ളതും അവയെ നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്കെത്തിക്കാന്‍ ശ്രമിച്ചിട്ടുള്ളതും LDF ഭരണത്തിലിരുന്ന കാലഘട്ടത്തിലാണെന്നുള്ളത് ആരും പറയാതെ പോവുന്ന, അല്ലെങ്കില്‍ വലതുപക്ഷത്തിന്‍റെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന മുഖ്യധാരാമാധ്യമങ്ങള്‍ മനപൂര്‍വ്വം കണ്ണടച്ചു കളയുന്ന ഒരു സത്യമാണ്‌.

പ്രത്യയശാസ്ത്രപരമായി രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്‌ ഇടതും വലതും. അതു കൊണ്ടു തന്നെ കുത്തകസ്ഥാപനങ്ങള്‍ പൊതുസ്വത്തുക്കളെ കണ്ണുവെച്ചു കൊണ്ടു നടത്തുന്ന വികസനവാഗ്ദാനങ്ങളെ ഇടതിനു അംഗീകരിച്ചു കൊടുക്കുക സാധ്യമല്ല. എന്തൊക്കെ കുപ്രചരണങ്ങള്‍ നടത്തിയാലും അത് ആത്യന്തികമായി തൊഴിലാളികളുടെ പാര്‍ട്ടിയാണ്‌. തങ്ങളുടെ വര്‍ഗ്ഗത്തിനെയോ പൊതുമുതലുകളെയോ ചൂഷണം ചെയ്യാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ക്ക് അവര്‍ക്ക് കൂട്ടു നില്‍ക്കാന്‍ സാധിക്കില്ല. അതു കൊണ്ടു തന്നെ, ഒരു ഉദാഹരണമെടുത്താല്‍, സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട ഭൂമിപ്രശ്നങ്ങള്‍ക്ക് കാലതാമസം വരുന്നതിനെ, ആശങ്കയേക്കാള്‍ അതെങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്ന ആകാംക്ഷയോടെയാണ്‌ ഞാന്‍ നോക്കിക്കാണുന്നത്. ഇനി സര്‍ക്കാര്‍ഭൂമി തങ്ങള്‍ക്ക് ചുളുവിലയ്ക്ക് തരികയും എന്നാല്‍ ഭാവിയില്‍ ഞങ്ങള്‍ക്ക് തോന്നിയാല്‍ അതു മറ്റേതെങ്കിലും കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്നുമുള്ള തരത്തിലുള്ള നിലപാടുകളെയൊന്നും അംഗീകരിച്ചു കൊടുക്കുന്നതിനോട് യോജിക്കാനാവുന്നതുമല്ല.

അടിസ്ഥാനപരമായി പറയുകയാണെങ്കില്‍, വിവാദങ്ങളെ പരിപോഷിപ്പിക്കുന്ന ഈ പ്രവണത നമുക്കു ചേര്‍ന്നതല്ല. ഈ വിവാദവ്യവസായം ആരോഗ്യകരവും സൌഹൃദാത്മകവുമായ മല്‍സരങ്ങളെ വ്യക്തിവിദ്വേഷങ്ങളിലേക്കും സാമൂഹികാസ്വസ്ഥതകളിലേക്കും നയിക്കുക തന്നെ ചെയ്യും. സമചിത്തതയോടെയും ഒട്ടൊരു മുന്‍കരുതലോടെയും നേതാക്കളും മാധ്യമങ്ങളും പെരുമാറുകയാണെങ്കില്‍ നാടിനു നല്ലതു മാത്രം വരണമെന്നാഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം ആളുകള്‍ക്കും അതൊരു ആശ്വാസമായിരിക്കും.

ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയ്ക്ക് അതര്‍ഹിക്കാത്ത ക്ഷീണം സംഭവിക്കുമ്പോള്‍, സ്വന്തം സാന്നിദ്ധ്യം കൊണ്ട് കൂടെ നില്‍ക്കാന്‍ സാധിക്കുന്നില്ല എന്നതു ഒരു തീരാദു:ഖമായി നില്‍ക്കുന്നുണ്ടെങ്കിലും അതിന്‍റെ വിജയത്തിനും മുന്നേറ്റത്തിനും നാടിന്‍റെ നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന്‌ സഖാക്കള്‍ക്ക് ഞാന്‍ എന്‍റെ എല്ലാ അഭിവാദ്യങ്ങളുമര്‍പ്പിക്കുന്നു. ലാല്‍സലാം!

4 comments:

അനിയന്‍കുട്ടി | aniyankutti said...

ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയ്ക്ക് അതര്‍ഹിക്കാത്ത ക്ഷീണം സംഭവിക്കുമ്പോള്‍, സ്വന്തം സാന്നിദ്ധ്യം കൊണ്ട് കൂടെ നില്‍ക്കാന്‍ സാധിക്കുന്നില്ല എന്നതു ഒരു തീരാദു:ഖമായി നില്‍ക്കുന്നുണ്ടെങ്കിലും അതിന്‍റെ വിജയത്തിനും മുന്നേറ്റത്തിനും നാടിന്‍റെ നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന്‌ സഖാക്കള്‍ക്ക് ഞാന്‍ എന്‍റെ എല്ലാ അഭിവാദ്യങ്ങളുമര്‍പ്പിക്കുന്നു. ലാല്‍സലാം!

Shine Kurian said...

യഥാര്‍ത്ഥ വസ്തുത അനിയന്‍കുട്ടി പറഞ്ഞതിനും പ്രതിയോഗികള്‍ അവകാശപ്പെടുന്നതിനും മധ്യേയാണെന്ന് തോന്നുന്നു.

അനിയന്‍കുട്ടി | aniyankutti said...

തോല്‍വി തോല്‍വി തന്നെയാണ്‌. അതിലൊട്ടും സംശയമില്ല. എന്നാല്‍ അത് ഗവണ്മെന്‍രിനെതിരായുള്ള അതിഭീകരവിധിയെഴുത്തായി വ്യാഖ്യാനിക്കാനാവില്ലെന്നാണ്‌ ഞന്‍ ഉദ്ദേശിച്ചത്. അതിനു മാത്രം ഒരു കോട്ടവും ഇടതുവോട്ടുകള്‍ക്ക് സംഭവിച്ചിട്ടില്ല. നിര്‍ണ്ണായകമായ നിക്ഷ്പക്ഷവോട്ടുകള്‍ നേടാനായില്ല എന്നതായിരിക്കണം തോല്‍വിയുടെ മുഖ്യകാരണം. അതിന്‍റെ കാരണം സര്‍ക്കാരിന്‍റെ നടപടികളോടുള്ള എതിര്‍പ്പിനേക്കാള്‍ വ്യാപകമായ തെറ്റിദ്ധാരണാപ്രചാരണമാണെന്നാണ്‌ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

Anil cheleri kumaran said...

:)

 
ജാലകം