Friday, April 24, 2009

എന്‍റെ പൊന്നു മാതൃഭൂമീ...

എന്‍റെ പൊന്നു മാതൃഭൂമീ...

നിര്‍ത്തി... ഇനി കളരിപരമ്പരദൈവങ്ങളാണേ, ഈ പത്രം ഞാന്‍ വായിക്കില്ല... ഓര്‍മ്മ വെച്ച കാലം മുതല്‍ വായിക്കുന്നതായിരുന്നു. ഇടക്കു കുറച്ചു നാള്‍ കേരളകൌമുദിയും വളരേക്കുറച്ചുനാള്‍ മനോരമയും വായിച്ചു എന്നതൊഴിച്ചാല്‍ മാതൃഭൂമി വിട്ടൊരു കളി ഉണ്ടായിരുന്നില്ല. പക്ഷേ, മനുഷ്യന്‍റെ ക്ഷമയ്ക്ക് ഒരതിരുണ്ടെന്നു പത്രാധിപര്‍ മനസ്സിലാക്കണമായിരുന്നു. ഈ വിവാദം എന്നു പറയുന്നത് ആരു കണ്ടുപിടിച്ച വാക്കാണാവോ, സമ്മതിക്കണം!

"വോട്ടു ചോര്‍ച്ച: CPM-ല്‍ ഗ്രൂപ്പുരാഷ്ട്രീയം പുകയുന്നു"

ഹായ്..എന്താ തലക്കെട്ടിന്‍റെ ഒരു പവറ്‌!! എന്താ പുതിയ സംഭവമെന്നു നോക്കാന്‍ ഒന്നു വായിച്ചപ്പോളല്ലേ സംഭവത്തിന്‍റെ ഒരു കെടപ്പുവശം പുടികിട്ടിയത്. ആരോ എന്തോ പറയുന്നുണ്ട്... കള്ളുഷാപ്പില്‍ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു, കലുങ്കിലിരുന്ന കണാരേട്ടന്‍റെയും മനസ്സില്‍ ഇതു തന്നെയാണെന്നു തോന്നുന്നു, പിണറായിയുടെയും വീയെസ്സിന്‍റെയും മുഖലക്ഷണം വെച്ച് അങ്ങനെയാവാനേ വഴിയുള്ളൂ, എന്ന മട്ടിലുള്ള ഒഴുക്കന്‍ വാര്‍ത്തകള്‍ അങ്ങനെ നിരത്തി വെച്ചിരിക്കുന്നു. കള്ളുകുടിച്ച് ആരോ വെച്ച തല്ലിപ്പൊളി വാള്‍ കാണുന്ന പ്രതീതിയാണ്‌ അതു കണ്ടപ്പൊ തോന്നിയത്. കുറേ നാളായി നിര്‍ത്തണം നിര്‍ത്തണം എന്നു വിചാരിച്ചോണ്ടിരിക്കുന്നു. ഇതോടെ തൃപ്തിയായി, ഉടനെ പത്രമിടുന്ന ചെക്കനെ വിളിച്ചു പറഞ്ഞു, "മോനേ ഈ മഞ്ഞപ്പത്രം ഇനി മേലാല്‍ എന്‍റെ പടിക്കലിടല്ലേടാ കുട്ടാ" എന്ന്... വായിച്ചില്ലെങ്കില്‍ ഇത്രയെന്ന്‌ണ്ട്... ഹല്ല പിന്നെ!

പത്രം നടത്തുന്ന ആള്‍ക്ക് ഒരു രാഷ്ട്രീയമുണ്ടായിരിക്കണം, ഒരു പാര്‍ട്ടിമെമ്പര്‍ഷിപ്പല്ല ഉദ്ദേശിച്ചത്. നാടിന്‍റെ ഗതിവിഗതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും അതിനെ വിശദീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള ആശയങ്ങളും വായനക്കാരിലെത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന നല്ല രാഷ്ട്രീയം. അല്ലാതെ രാഷ്ട്രീയത്തിന്‍റെ വിലയറിയാത്ത മൂന്നാംകിടപാര്‍ട്ടിപ്രവര്‍ത്തകരും അങ്ങനെ അവകാശപ്പെടുന്നവരും നടത്തുന്ന പൊറാട്ടുനാടകങ്ങളുടെ ഫോളോ-അപ് വാര്‍ത്തകളാവരുത് ദേശീയപ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന, മഹത്തായ ഒരു പാരമ്പര്യമുള്ള ഒരു പത്രത്തിന്‍റെ മുന്‍പേജില് ‍വരേണ്ടത്. അല്ലാ, ഈ പാരമ്പര്യമൊക്കെ കളഞ്ഞുകുളിച്ചിട്ട് കുറച്ചു നാളായെന്നറിയാം, നാണം നിങ്ങള്‍ക്കില്ലെങ്കിലും, ചിടുങ്ങുകളായിരുന്ന കാലത്ത് സ്കൂളില്‍ "ഞങ്ങടെ വീട്ടിലെ പേപ്പറാണ്‌ മോനേ നല്ലത്"എന്നും മറ്റും പറഞ്ഞു തുടങ്ങി, കോളേജ്‌ഹോസ്റ്റലില്‍ അടിയുടെ വക്കോളമെത്തിയ കമ്പാരിസണ്‍ വരെ നടത്തി സപ്പോര്‍ട്ട് ചെയ്ത ഞങ്ങള്‍ക്കുണ്ടെടോ നാണം! കഷ്ടം!

വീരേന്ദ്രകുമാറിന്‍റെ കുടുംബവുമായി കശപിശ ഉണ്ടായതിന്‍റെ പിറ്റേന്നു തന്നെ വളരേ "സ്വാഭാവികമായി" തുടങ്ങിയ ഈ വാളുവെപ്പ് കുറെയധികം ക്ഷമിച്ചു. അഴുക്കുവാര്‍ത്തകള്‍ ഒഴിവാക്കി മറ്റുള്ളവ വായിച്ചു സമാധാനിച്ചു, പക്ഷേ ശരിയാവില്ലാ... ഇതിനി നന്നാവാന്‍ പോണില്ലെന്നു മനസ്സിലായി. അതു കൊണ്ട് ഒഴിവാക്കി... ഇപ്പൊ മനസ്സിനൊരു സമാധാനം!

ഇത്തരത്തില്‍ വ്യാഖ്യാനങ്ങള്‍ മാത്രമെഴുതുന്ന നിലവാരമില്ലാത്ത പത്രപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത് വായനക്കാരുടെ സാമൂഹ്യബോധത്തെയും യാഥാര്‍ഥ്യത്തെ അറിയാനുള്ള അവകാശത്തെയുമാണെന്ന് ഇവരെന്നു തിരിച്ചറിയുമെന്നെനിക്കറിഞ്ഞൂട. "വോട്ടു ചോര്‍ത്തല്‍ വിജയപ്രതീക്ഷകളെ ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗികപക്ഷം"- ഏത് ഔദ്യോഗികപക്ഷം, ആരു പറഞ്ഞു എപ്പോ പറഞ്ഞു എന്നൊന്നും ഇല്ല. എസ്. സുശീലനു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പോലുള്ള നടപടികള്‍ ഇനിയുമുണ്ടാകുമുന്ന് സൂചന ഉണ്ടത്രേ! അതാരു പറഞ്ഞു, അങ്ങനെ ഒരു സൂചനയുണ്ടെന്നു തോന്നാന്‍ കാരണമെന്ത് എന്നൊന്നും വാര്‍ത്തയിലില്ല. അതെന്തേ, കുളിക്കടവില്‍ പെണ്ണുങ്ങള്‍ പറയുന്ന ഗോസിപ്പിന്‍റെ നിലവാരം പോലുമില്ലാത്ത ഇത്തരം കുതന്ത്രങ്ങള്‍ ഞങ്ങള്‍ ഉപ്പു കൂട്ടാതെ വിഴുങ്ങി "അമ്പട സീപീഎമ്മേ" എന്നും പറഞ്ഞു വായും പൊളിച്ചിരിക്കുമെന്നു കരുതുന്നുണ്ടോ??

വോട്ടു ചോര്‍ന്നാല്‍ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്ന് വീയെസ്സ് പക്ഷം പറഞ്ഞത്രെ. ശ്ശൊ!, ഭയങ്കരം തന്നെ. ഇതാരു പറഞ്ഞു എന്നൊന്നും ഇല്ല, അറ്റ്ലീസ്റ്റ് എപ്പൊ പറഞ്ഞു എവിടെ വെച്ചു പറഞ്ഞു എന്നെങ്കിലും ഒന്നു പറഞ്ഞൂടെ? ഈ "പക്ഷം" എവിടെയാണ് ഒളിച്ചിരുന്ന് മാതൃഭൂമിക്ക് വാര്‍ത്ത കൊടുക്കുന്നതെന്ന് ആരും മിണ്ടുന്നില്ല. പിന്നെയാണ്‌ കാര്യം മനസ്സിലായത്, ഒരൊറ്റ വരിയിലൂടെ കാര്യം പിടികിട്ടി. പൊന്നാനിയും, പിന്നെ ജനതാദളിനെ "പുറത്താക്കിയതുമാണ്‌" വോട്ടു ചോരാന്‍ കാരണമത്രെ! ജനതാദളിനെ പുറത്താക്കിയെന്ന് LDF എവിടെയെങ്കിലും പറഞ്ഞതായി ഈ പത്രം പോലും എഴുതിയതായി ഞാന്‍ വായിച്ച ഓര്‍മ്മയില്ല. പിന്നെ, ശ്രീ.വീരേന്ദ്രകുമാര്‍ എപ്പൊഴോ അങ്ങനെ ഒരു ഡയലോഗ് അടിക്കുന്നത് ഒരു ചാനലില്‍ കണ്ടു. അപ്പോ അതാണോ ഈ ധാര്‍മികരോഷത്തിന്‍റെ കാരണം എന്നു മനസ്സിലാവുമ്പോളാണ്‌ ഒരു സ്ഥിരം വായക്കാരനായഎനിക്ക് വേദന ഉണ്ടാവുന്നത്.

പത്രമുതലാളിയുടെ താല്‍പര്യങ്ങള്‍ മാറുന്നതിനനുസരിച്ചുള്ള ചീള്‌ വാര്‍ത്തകള്‍ വായിക്കാനാണെങ്കില്‍ അതിനു വേറെ ആളെ നോക്കണമെന്ന് ഈ അവസരത്തില്‍ ഞാന്‍ വിനീതനായി അറിയിക്കട്ടെ. ഊഹാപോഹങ്ങളും "അങ്ങനെയാവും, ഇങ്ങനെയായേക്കുമെന്ന് തോന്നാനും തോന്നാതിരിക്കാനും സാധ്യതായുണ്ടെന്ന് തോന്നുന്നു" എന്ന മട്ടിയുള്ള വാര്‍ത്തകളും വായിക്കാന്‍ ഇനി വയ്യ. പ്രധാനമന്ത്രിയാവാന്‍ കാരാട്ട് താല്‍പര്യം പ്രകടിപ്പിച്ചു എന്ന ഒരു വാര്‍ത്ത ഇതിനിടയില്‍ മാതൃഭൂമി എഴുതി, പുട്ടിനു പീര പോലെ ഒരു കാര്‍ട്ടൂണും പടച്ചുവിട്ടു. എന്നാല്‍ ഈ "വാര്‍ത്ത" ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഏജന്‍സി പിന്നീടതു തിരുത്തി, എന്നാല്‍ അതൊന്നും നമുക്കറിയേണ്ട എന്ന മട്ടില്‍ സ്വന്തം വാര്‍ത്ത പോലെ അതെടുത്ത് എനിക്ക് വായിക്കാന്‍ വേണ്ടി വിളമ്പിയ പത്രമേ, വായനക്കാരോട് ഒരല്‍പ്പമെങ്കിലും ബഹുമാനമൊക്കെയാവാം!

അപ്പൊ പറഞ്ഞു വന്നത്, ആ ബന്ധം അവസാനിച്ചു! നല്ല വാര്‍ത്തകളിലൂടെ ചുറ്റുമുള്ള സമൂഹത്തിന്‍റെ പ്രതിഫലനങ്ങള്‍ എനിക്ക് തന്ന നല്ല ലേഖകരുണ്ടായിരുന്നിട്ടും അതിനെയൊക്കെ മറച്ചു കളയുന്ന വൃത്തികേടുകളെയും കപടവാര്‍ത്താസ്രഷ്ടാക്കളുടെ ജല്‍പ്പനങ്ങളെയും സഹിക്കാന്‍ വയ്യ, വയ്യാഞ്ഞിട്ടാണ്‌. അപ്പൊ ആദ്യം പറഞ്ഞവര്‍ക്ക് ഒരു "ഹാറ്റ്സ് ഓഫ്" നല്‍കിയും, രണ്ടാമതു പറഞ്ഞവരുടെ മുഖത്തൊരു തുപ്പും തുപ്പി ഞാന്‍ നിര്‍ത്തുന്നു.

***

7 comments:

അനിയന്‍കുട്ടി | aniyankutti said...

ഹായ്..എന്താ തലക്കെട്ടിന്‍റെ ഒരു പവറ്‌!! എന്താ പുതിയ സംഭവമെന്നു നോക്കാന്‍ ഒന്നു വായിച്ചപ്പോളല്ലേ സംഭവത്തിന്‍റെ ഒരു കെടപ്പുവശം പുടികിട്ടിയത്.

കുഞ്ഞന്‍ said...

മാഷെ..

ഈ വാര്‍ത്ത ഒന്നു വായിക്കൂ..ഇതും ഇന്നത്തേതാണ്.

http://www.deepika.com/

അനിയന്‍കുട്ടി | aniyankutti said...

സെന്‍റീശ്വരാ... ഭയങ്കരം തന്നെ... എവമ്മാരെ സമ്മതിക്കണം!

Eccentric said...

:)

മഞ്ഞു തോട്ടക്കാരന്‍ said...

നമ്മളെല്ലാം ഇനി ദേശഭിമാനി മാത്രമേ വായിക്കാവു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കുറെ നാളായി മാതൃഭൂമി അധ;പതനത്തിന്റെ പാതയിൽ ആണ്.നിർത്തിയാലോ എന്ന് പല വട്ടം ചിന്തിച്ചു..ഇവിടെ ചെന്നൈയിൽ വേറെ മലയാള പത്രം ഇല്ലാത്തതു കൊണ്ട് മാത്രം തുടരുന്നു!

അനിയന്‍കുട്ടി | aniyankutti said...

ദേശാഭിമാനിക്കെന്താ പ്രശ്നം തോട്ടക്കാരാ? എന്തായാലും നുണപ്രചരണം നടത്തുന്നില്ലല്ലോ? അതു തന്നെ വലിയ കാര്യമല്ലേഷ്ടാ? പിന്നെ, വ്യക്തമായ ഒരു രാഷ്ട്രീയമുള്ളതും അതിനെ മുറുകെപ്പിടിക്കുന്നതും ഏതൊരു പ്രശ്നത്തിലും സ്വന്തം നിലപാടു വ്യക്തമാക്കുകയും ചെയ്യുന്ന എത്ര പത്രങ്ങളുണ്ട് ഇപ്പൊ നമ്മുടെ നാട്ടില്‍? അങ്ങനെ ആവാം ഇങ്ങനെ ആവാം എന്നിങ്ങനെയുള്ള അഴകൊഴമ്പന്‍ വാര്‍ത്തകളും ഊഹാപോഹങ്ങളും എരിവും പുളിയുമുള്ള മസാല വാര്‍ത്തകളുമില്ലെന്നേ ഉള്ളൂ. അതിന്‍റെ കുറവ് ഞാനങ്ങു സഹിക്കും! ഹിഹി!

 
ജാലകം