Wednesday, July 2, 2008

എന്തരോ വിവാദ നാടലു...

ഹൊ! ഒരു പാഠപുസ്തകത്തിന്‍റെ പേരില്‍ നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ കണ്ട് കലി കേറുന്നുണ്ട്. ഞാനും വായിച്ചു ഇപ്പറഞ്ഞ പുസ്തകം. ഇക്കണ്ട കോലാഹലമുണ്ടാക്കേണ്ട ഒരു വക കോപ്പും അതിനുള്ളിലില്ല, എന്നു മാത്രല്ല, അതിലുള്ളതൊക്കെ നല്ല അസ്സല്‍ പഠനവിഷയങ്ങള്‍ തന്നെയാണെന്നതിനൊരു സംശയവുമില്ല എന്നും മനസ്സിലായി. സമരം കണ്ടപ്പൊ സര്‍ക്കാര്‍ എന്തോ അക്രമം കുട്ടികളോട് കാണിക്കുന്നൂ എന്ന തോന്നലാണുണ്ടായതെങ്കിലും, വായിച്ചു കഴിഞ്ഞപ്പോള്‍ ആ അക്രമം കുട്ടികളോടു കാട്ടുന്നത് കഥയറിയാതെ ആട്ടം കാണുന്ന സമരക്കാരും അവരെക്കൊണ്ട് ചുടുചോറു വാരിയ്ക്കുന്ന നേതാക്കന്മാരും മതമേലാളന്മാരുമാണെന്ന് പകല്‍ പോലെ വ്യക്തമായി. ഈ പ്രതിപക്ഷം ബഹളമുണ്ടാക്കുന്നത് മനസ്സിലാക്കാം, എതിര്‍ചേരിയെ മുട്ടുകുത്തിക്കാനൊരു വടി കിട്ടിയാല്‍ ആരായാലും ഒന്നടിക്കാന്‍ നോക്കും, പക്ഷേ, ഈ പള്ളീലച്ചന്മാര്‍ക്കും മെത്രാന്മാര്‍ക്കുമൊന്നും ഒക്കെ എന്താണാവോ വേണ്ടത്? അതിനോട് കൂടാന്‍ ജാതിസംഘടനകളും.

ഒരൊറ്റ തോന്നലേ ഇതില്‍ നിന്നും ഉണ്ടാകുന്നുള്ളൂ. നാട്ടിലാര്‍ക്കും നല്ലത് ഒന്നും ആവശ്യമില്ല, വേണ്ടത് വിവാദങ്ങളാണ്‌, മാധ്യമങ്ങളുടെ ധര്‍മ്മം കൃത്യമായി അവര്‍ ചെയ്യുന്നുമുണ്ട്. എന്താ പൊലിപ്പിക്കല്‍! ഇന്നേ വരെ ഒരു ടി.വി. ചാനലും സ്വന്തം അഭിപ്രായം ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചു കണ്ടില്ല. അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു കണ്ടില്ല. ചര്‍ച്ച നടത്തി വേണമെങ്കില്‍ മാറ്റങ്ങളാകാമെന്ന് ബന്ധപ്പെട്ട മന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടും സമരമുഖത്തുള്ളവര്‍ നടിക്കുന്ന ബധിരത എന്തിനു വേണ്ടിയാണോ എന്തോ!

ചില "വിദ്യാഭ്യാസസംരക്ഷകര്‍" മലപ്പുറത്തു പുസ്തകം കത്തിച്ചു. പ്രസ്തുത പുസ്തകം വായിച്ചിട്ടുണ്ടോ എന്നതു പോട്ടെ, അതിലേതെങ്കിലുമൊരുത്തന്‍ എന്തെങ്കിലുമൊരു വിവേചനമുള്ളവനാണെങ്കില്‍ ഇത്തരത്തിലൊരു വൃത്തികേട് കാണിക്കുമായിരുന്നോ? ഇതേ പുസ്തകം കുട്ടികള്‍ പഠിക്കാന്‍ പോവുന്നവയാണേന്നോര്‍ത്തിരുന്നെങ്കില്‍, അല്ലെങ്കില്‍ കുട്ടികള്‍ക്ക് പുസ്തകത്തോടെന്നല്ല ഏതൊരു പഠനസാമഗ്രിയോടുമുള്ള അഥവാ ഉണ്ടായിരിക്കേണ്ട ബഹുമാനത്തെക്കുറിച്ചോര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെയൊരു ധിക്കാരം കാണിക്കാന്‍ പാടുള്ളതായിരൂന്നോ... എവടെ..ആരോടിതൊക്കെപ്പറയാന്‍!!

ഇനിയൊന്ന്, ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഇനി മതത്തിന്‌ പ്രാധാന്യമില്ലാത്ത ഒരു ആശയത്തെപ്പറ്റി ആരെങ്കിലും കുട്ടികളെ പഠിപ്പിക്കാന്‍ നോക്കിയെന്നിരിക്കട്ടെ. അതിലെന്താണ്‌ തെറ്റ്? മതവും ജാതിയുമൊക്കെപ്പറഞ്ഞ് നാട്ടാരെ തമ്മില്‍ത്തല്ലിച്ചും മറ്റും കുറേക്കാലം നേതാക്കന്മാരും മതമേലധ്യക്ഷന്മാരും ഇന്നാട്ടില്‍ പുട്ടടിച്ചില്ലേ? അതിലൊരു മാറ്റം വരുന്നതില്‍ ഞാനുള്‍പ്പെടെയുള്ള ഒരു സമൂഹത്തിന്‌ യാതൊരു പരാതിയുമില്ല, എന്നല്ല അത്തരമൊരു സാമൂഹികാവസ്ഥയെ സ്വപ്നം കണ്ടു കഴിയുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്നാട്ടിലുണ്ട്. സണ്‍ഡേ സ്കൂളെന്നും മദ്രസയെന്നും പറഞ്ഞ് കുട്ടികളെ വ്യത്യസ്ത മതചിന്തകള്‍ പഠിപ്പിക്കുമ്പോ അതിനേക്കാള്‍ ശ്രേഷ്ഠമായ മതനിരപേക്ഷതയെപ്പറ്റിയും കുറച്ചൊക്കെ അവര്‍ക്കു പറഞ്ഞു കൊടുക്കാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ പ്രസ്തുത പാഠഭാഗം ഉയര്‍ന്ന നിലവാരത്തിലുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ട് അതിനോടുള്ള എന്‍റെ എല്ലാവിധ പിന്തുണയും, ഒരു എളിയ വോട്ടറെന്ന നിലയില്‍ ഞാന്‍ ഇതിലൂടെ അറിയിക്കുന്നു.

ഏതെങ്കിലുമൊരു മതത്തെ അധിക്ഷേപിക്കാനോ മറ്റോ ഒരു ശ്രമം അതില്‍ നടന്നതായി തോന്നുന്നില്ല. മാത്രവുമല്ല, വിവാദപാഠഭാഗത്തില്‍, "വലുതാകുമ്പോള്‍ അവനു തോന്നിയ മതം തെരഞ്ഞെടുത്തോട്ടെ" എന്നു പറയുന്നുമുണ്ട്. എത്ര നല്ല ആശയമാണത്. ഈ നാടു ഭരിച്ച ഒരു പ്രധാനമന്ത്രിയുടെ, അതിനേക്കാളുപരി ഇന്നാടിന്‍റെ വികസനത്തിനും അസ്ഥിത്വത്തിലും തറക്കല്ലില്ല ഒരു വ്യക്തിയുടെ, നെഹ്രുവിന്‍റെ, മതനിരപേക്ഷതയുടെ മുഖം കാണിച്ചതില്‍ എന്താണ്‌ തെറ്റ്? ഒരു പ്രകൃതിദുരന്തമുണ്ടാവുമ്പോള്‍ ഏതു മതവിഭാഗത്തെയാണ്‌ അതു കൂടുതല്‍ ബാധിക്കുക എന്ന ചോദ്യം കുട്ടികളോട് ചോദിക്കുന്നതു വഴി എത്രയോ ആശയസമ്പുഷ്ടമായ ഒരു വിഷയമാണ്‌ അവരുടെ ചിന്താധാരയിലേയ്ക്ക് പകര്‍ന്നു നല്‍കുന്നതെന്നു മനസ്സിലാക്കാന്‍ സാമാന്യചിന്താശേഷിയുള്ള ഏതൊരു മനുഷ്യനും സാധിക്കും. ഒരു വര്‍ഗ്ഗീയകലാപമുണ്ടായാല്‍, ജനങ്ങളെ സഹായിക്കാന്‍ നമുക്കെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നു കുട്ടികളോടു ചോദിക്കുന്നതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? വിവിധമതത്തില്‍പ്പെട്ടവര്‍ ഒത്തൊരുമയോടെ നിന്നു കൊണ്ട് പൊതുപ്രശ്നങ്ങളെ നേരിട്ട സന്ദര്‍ഭങ്ങള്‍ കണ്ടെത്താനാവശ്യപ്പെടുന്നതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനാന്‍ ആഹ്വാനം ചെയ്യുന്ന മഹാഭാരതത്തിലെയും ബൈബിളിലെയും ഖുറാനിലെയും ഉദ്ധരണികള്‍ കൊടുത്തതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? എങ്കില്‍ ആ കമ്യൂണിസ്റ്റ്വല്‍ക്കരണത്തെ ഞാന്‍ എന്‍റെ മനസ്സു കൊണ്ടും വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും പിന്തുണയ്ക്കുന്നു. അതിനെ എതിര്‍ക്കുന്നവരാണ്‌ ഇന്നാടിനെ വര്‍ഗ്ഗീയ ശക്തികള്‍ക്കടിയറവു വെക്കാന്‍ ശ്രമിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഇതോടൊപ്പം തന്നെ, വിവാദമുയര്‍ത്തുന്ന പാഠഭാഗം എല്ലാവരും വായിക്കണമെന്നും സ്വന്തമായ ഒരു അഭിപ്രായപ്രകടനം അതിലൂടെ രൂപീകരിക്കണമെന്നും, കുട്ടികളിലെ ജാതി-മത ചിന്തകളെ ദൂരീകരിച്ച് താന്‍ വളരുന്ന സമൂഹത്തിന്‍റെ നന്മയ്ക്കു വേണ്ടി അവരെ പ്രാപ്തരാക്കാനുതകുന്ന ഇത്തരമൊരു സംരഭത്തെ തുരങ്കം വെക്കാനുള്ള രാഷ്ട്രീയപ്രേരിതമായ അക്രമങ്ങളെ അപലപിക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.

(പ്രസ്തുതപാഠഭാഗം ചേര്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഇവിടെ നിന്നും അപ്-ലോഡ് ചെയ്യാന്‍ സാങ്കേതികതടസ്സമുള്ളതിനാല്‍ പറ്റിയില്ല.)

9 comments:

അനിയന്‍കുട്ടി said...

ഒരൊറ്റ തോന്നലേ ഇതില്‍ നിന്നും ഉണ്ടാകുന്നുള്ളൂ. നാട്ടിലാര്‍ക്കും നല്ലത് ഒന്നും ആവശ്യമില്ല, വേണ്ടത് വിവാദങ്ങളാണ്‌

ശ്രീ said...

“നാട്ടിലാര്‍ക്കും നല്ലത് ഒന്നും ആവശ്യമില്ല, വേണ്ടത് വിവാദങ്ങളാണ്‌”

വളരെ ശരി.

Eccentric said...

ee post vayichappol aa pusthakam vaayikkanam ennoru aagraham.send me the copy if you have

am really bored of these kind of things..aaru evide enth thottalum samaram enna sthithi aayirikanu.

innum keralathil harthal aanu...engane und kali

മൂര്‍ത്തി said...

Aniyankutty,

please see this link..books are available here and a discussion is going on..

http://scertkerala.wordpress.com/

(sorry for english)

റഫീക്ക് കിഴാറ്റൂര്‍ said...

അനിയന്‍‌കുട്ടി,
നന്നായി.

പാഠഭാഗങ്ങള്‍ ഇതാ ഇവിടെയുണ്ട്.

http://rafeeqkizhattur.blogspot.com/2008/06/blog-post_22.html

അശ്വതി/Aswathy said...

അനിയന്‍കുട്ടി...പുത്തകം ഒക്കെ കൊള്ളാം.പക്ഷെ മാറ്റം വേണമെന്നാണ് തോന്നിയത്.
കാരണം എനിക്ക് അത് വായിച്ചപ്പോള്‍ കൊള്ളാം എന്ന് തോന്നിയെന്കിലും ഞാന്‍ മാത്രമല്ലോ ഈ ലോകത്ത്. എന്റെ അമ്മയ്ക്ക് ,അച്ചന് ഒക്കെ ചിലപ്പോ അത് ദഹിച്ചില്ല എന്ന് വരും.വെറുമൊരു പുസ്തകം അല്ല പാഠപുസ്തകം എന്ന് മനസിലാക്കുക...
ചുവന്ന കൊടി യ്ക്ക് sindabadh വിളിക്കുന്ന എനിക്ക് ഇതു പറയാല്ലോ അല്ലെ?

അനിയന്‍കുട്ടി | aniyankutti said...

അശ്വതി,
ചുവന്ന കൊടിയ്ക്ക് സിന്ദാബാദ് വിളിക്കാന്‍ പോവാനുള്ള അവസരം എനിക്കും ഇതു വരെ കിട്ടീട്ടില്ല. :)

പിന്നെ, പുസ്തകം മാറ്റണമെന്നാണു തോന്നിയതെങ്കില്‍ അതെന്തുകൊണ്ട് എന്നൂടെ ഒന്നു പറയൂ? ഒരു വീക്ഷണകോണ്‍ കൂടെ എനിക്ക് മനസ്സിലാക്കാമല്ലോ.

പിന്നെ, രക്ഷിതാക്കള്‍ക്ക് പരിഭ്രമമുണ്ടാവുമോ എന്നു ചോദിച്ചാല്‍ എനിക്കു ചില ചോദ്യങ്ങള്‍ അങ്ങോട്ട് ചോദിക്കാനുണ്ട്.

1. ജാലിയന്‍വാലാബാഗിനെക്കുറിച്ച് പഠിപ്പിച്ചാല്‍ അക്രമവാസന വളരുമോ?
2. ഭഗത് സിങ്ങിനെക്കുറിച്ചു പഠിപ്പിച്ചാലോ?

അപ്പോഴൊന്നും വളരാത്ത വാസന നമ്മുടെ നാട്ടില്‍ നടന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോള്‍ മാത്രം വളരുന്നതെങ്ങനെ?

അശ്വതി, ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെച്ചാണ്‌ ഞാന്‍ അഭിപ്രായം പ്രകടിപ്പിച്ചത്. പുസ്തകം ഞാനും വായിച്ചതാണ്‌. രാഷ്ട്രീയപ്രേരിതപായ വെറുമൊരു സമരം എന്നതല്ലാതെ എനിക്കൊരിക്കലും ഈ സമരത്തെ ന്യായീകരിക്കാന്‍ സാധിക്കുന്നില്ല.

പിന്നൊന്നു കൂടെ, ആ ചുവന്ന കൊടിയുടെ പരാമര്‍ശം കൊണ്ടുദ്ദേശിച്ചതു മനസ്സിലായി. പക്ഷേ, അങ്ങനെ ഒരു കൊടിയ്ക്കു സിന്ദാബാദ് വിളിക്കുന്നതു കൊണ്ടു മാത്രം, ചെയ്യുന്നതിനെയെല്ലാം ആ കൊടി സാധൂകരിക്കുമെന്നു കരുതല്ലേ. :)

(^oo^) bad girl (^oo^) said...

Feel good......

നരിക്കുന്നൻ said...

എന്തരോ വിവാദ നാടലു.

 
ജാലകം