Monday, May 21, 2007

ചില മാധ്യമവിചാരങ്ങള്‍

കുറച്ചു കാലമായി രാഷ്ട്രീയകാര്യങ്ങളിലുള്ള മാധ്യമങ്ങളുടെ സമീപനമാണ്‌ ഈ പോസ്റ്റിനുള്ള പ്രചോദനം. നേരിട്ടു വിഷയത്തിലേക്കു കടക്കാം. പൊതുവെ എല്ലാ മാധ്യമങ്ങളും വാര്‍ത്തകളുടെ സത്ത, അവയുടെ സാധുത, അവയുടെ പ്രാധാന്യം ഇതൊന്നും തന്നെ വിഷയമാക്കാതെയോ അല്ലെങ്കില്‍ മനഃപൂര്വം അറിയാതെ നടിച്ചു കൊണ്ടോ ആണ്‌ അവ പ്രസിദ്ധീകരിക്കുന്നത്. പ്രധാനമായും ഇതു ശ്രദ്ധയില്‍പ്പെടുന്നത് സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി, മൂന്നാര്‍ നടപടികളോടുള്ള മാധ്യമനിലപാടാണ്‌. പല മാധ്യമങ്ങളും, (പത്രം ഒന്നു മാത്രമേ വായിക്കാന്‍ സമയമുള്ളൂ എന്നതിനാല്‍ ചാനലുകളെയാണ്‌ മുഖ്യമായും ഉദ്ദേശിച്ചിട്ടുള്ളത്)

ചില ഉദാഹരണങ്ങള്‍:
20-05-07 വൈകീട്ടത്തെ മുന്‍ഷിയില്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെ ഒട്ടു മിക്ക ചാനലുകളും മാതൃഭൂമി പത്രവും വി.എസ്സിന്റെയും പിണറായിയുടെയും അഭിപ്രായപ്രകടനങ്ങളെ വളരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ്‌ അവതരിപ്പിച്ചത്. പിണറായി പയ്യാമ്പലത്തു പറഞ്ഞത്, "സര്‍ക്കാരിന്റെ നടപടികളെല്ലാം തന്നെ എല്‍.ഡി.എഫിന്റെ തീരുമാനങ്ങളാണെന്നാന്‌. അതു തന്നെയാണ്‌ വീയെസ്സും മറ്റൊരിടത്തു പറഞ്ഞത്. എന്നാല്‍ ഇതു രണ്ടും ഒരേ വാര്‍ത്തശകലത്തില്‍ റിപോര്‍ട്ട് ചെയ്ത ആള്‍ക്കു മാത്രം "ക്രെഡിറ്റിന്റെ പേരില്‍ ഭിന്നത" എന്നു തോന്നാന്‍ കാരണമെന്താണെന്നു മനസ്സിലായില്ല. വീയെസ്സും പിണറായിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും പരസ്യമായി ഒരു യുദ്ധമൊന്നും നടന്നിട്ടില്ല. മറിച്ച്, സംഘടനയില്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ്‌ നടപ്പിലാവുന്നത്. അഭിപ്രായം ആരു പറയുന്നു എന്നതിനേക്കാള്‍ സംഘടന എന്തു തീരുമാനിക്കുന്നു എന്നതിനാണ്‌ പ്രാധാന്യം എന്ന് യഥാര്‍ത്ഥ സംഘടനബോധം എന്തെന്ന് അറിയുനവര്‍ക്കല്ലേ മനസ്സിലാവൂ. ഇനി മറിച്ചു ചിന്തിക്കുന്നവര്‍ക്കു വേണ്ടിയാണ്‌ അത്തരം വാര്‍ത്തകളെങ്കില്‍, ഞാനിതു പറഞ്ഞിട്ടില്ല. :)

വീയെസ്സിനെയും പിണറായിയെയും രണ്ടു ധ്രുവങ്ങളിലാക്കി ചിത്രീകരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ വളരെ വ്യക്തമാണ്‌. പാര്‍ട്ടി എടുക്കുന്ന ശരിയും ധീരവുമായ തീരുമാനങ്ങളെ വീയെസ്സിന്റെ മാത്രം ക്രെഡിറ്റായി വരച്ചു കാട്ടുകയും പിണറായിയെയും മറ്റു നേതാക്കളെയും വീയെസ്സ് വിരോധികള്‍ അഥവ നാടിന്റെ നന്മയ്ക്കു വിഘാതം നില്‍ക്കുന്നവരെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുക. പക്ഷേ, ഇതൊരു വെറും ബാലിശമായ ശ്രമമാണ്‌, ഒരു യഥാര്‍ത്ഥ പൌരനും ആരുടെ തീരുമാനമാന്‌ നടപ്പിലാവുന്നത് എന്നതിനേക്കാള്‍ എന്താണ്‌ സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നാണ്‌ ചിന്തിക്കുക, അല്ലെങ്കില്‍ ചിന്തിക്കേണ്ടത്. അവന്റെ അഭിപ്രായരൂപീകരണവും അതിനെ ആശ്രയിച്ചായിരിക്കണം. വീയെസ്സിന്റെ നയങ്ങളോട് എന്നും പിണറായിയും മറ്റു നേതാക്കളും എതിര്‍ക്കുകയാണെങ്കില്‍ കേരളം കണ്ട ഏറ്റവും കരുത്തരായ മുഖ്യമന്ത്രിമാരില്‍ ഒരാളായ വീയെസ്സ് ആ പണി അവസാനിപ്പിച്ച് എന്നേ കുടുംബത്തു പോയി വിശ്രമിച്ചേനെ. വീയെസ്സ് നട്ടെല്ലുള്ളവനാണ്‌. അതിന്റെ അര്‍ഥം പാര്‍ട്ടിയിലെ മറ്റു നേതാക്കന്‍മാര്‍ക്കതില്ല എന്നല്ല. എന്തൊക്കെ പറഞ്ഞാലും ഒരാള്‍ക്കല്ലേ മുഖ്യമന്ത്രി ആകാന്‍ പറ്റൂ. :)

മാധ്യമസമീപനത്തെക്കുറിച്ചു ഒരു അഭിപ്രായം:

നാടിന്റെ ശരിയായ പ്രശ്നങ്ങളേക്കാള്‍ അനാവശ്യവിവാദങ്ങളെ ഊതിപ്പെരുപ്പിക്കുന്ന പുതിയ മാധ്യമസംസ്കാരം ദയവായി വളര്‍ത്താതിരിക്കുക. മനസ്സു കൊണ്ട് സ്വന്തം നാടിനെ അതിയായി സ്നേഹിക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്കു വളരെ അരോചകമായിട്ടാണ്‌ ഇത്തരം സമീപനങ്ങള്‍ അനുഭവപ്പെടുന്നത്. സ്മാര്‍ട്ട് സിറ്റി ആരു കോണ്ടു വന്നു എന്നതിനേക്കാള്‍, അത് ശരിയായ രീതിയില്‍ "വന്നോ" എന്നാണ്‌ ഞങ്ങള്‍ നോക്കുന്നത്. ദയവായി ആ സത്യം കണ്ടില്ലെന്നു നടിക്കരുത്. മാധ്യമങ്ങള്‍ സ്വന്തം അജണ്ട വെച്ചു പെരുമാറണ്ട. അതു വളരെ വ്യക്തവും ബോറുമാണ്‌.

17 comments:

അനിയന്‍കുട്ടി said...

ചില മാധ്യമവിചാരങ്ങള്‍.. ശരിയെന്നു തോന്നുന്നത്..

Anugraheethan said...

അനുകൂലിക്കുന്നു........ ചാനലുകള്‍ പലപ്പോഴും വാര്‍ത്തകളെ വിവാദങ്ങളായി മാറ്റുന്നു... ഇതു പലപ്പോഴും വാര്‍ത്ത വളച്ചൊടിച്ചാണു ചെയ്യുന്നത്

മൂര്‍ത്തി said...

വനജയുടെ പോസ്റ്റില്‍ നിന്നാണ് ഇതിന്റെ ലിങ്ക് കണ്ടത്. സംഘടനയെ ഒഴിവാക്കി എല്ലാം വ്യക്തികളിലേക്ക് ഒതുക്കുന്നത് സംഘടന ഒരു ശക്തിയാണെന്ന് തിരിച്ചറിയുന്നതു കൊണ്ടു തന്നെയാവും..ഒരു തരം ഫിയര്‍ സൈക്കോസിസ്...സുരേഷ്കുമാറിനെ മാറ്റാന്‍ കത്തുകൊടുത്തു എന്ന് വെണ്ടക്ക നിരത്തിയവര്‍ അത് പൊളിഞ്ഞപ്പോള്‍ ഒരു മാപ്പെങ്കിലും പറഞ്ഞോ? പറയണം എന്ന് ആരെങ്കിലും ഇവിടെ ആവശ്യപ്പെട്ടോ? അത് പൊളിഞ്ഞ ദിവസം മാതൃഭൂമി “സി.പി.എമ്മില്‍ താല്‍ക്കാലിക ശാന്തത” എന്ന മട്ടിലൊരു വാര്‍ത്ത നല്‍കി ചമ്മല്‍ മറച്ചുവെച്ചു. മനോരമയില്‍ കഴിഞ്ഞ ഞാ‍യറാഴ്ച വി.എസ്സും പിണറായിയും നേര്‍ക്കുനേര്‍ ആയിരുന്ന്..വായനക്കാരണ് ആരാണ് ‘വിജയി‘ എന്നൊക്കെ അഭിപ്രായപ്പെടാന്‍ അവസരവുമുണ്ട്.പാര്‍ട്ടി അല്ലെങ്കില്‍ മുന്നണി ശരി എന്നാരും പറയാന്‍ മറക്കുന്ന രീതിയിലുള്ള എഴുത്തും വിന്യാസവും..വ്യക്തികളില്‍ ആരു ശരി എന്നു വായനക്കാരന്‍ പറഞ്ഞാലും മനോരമയുടെ ഉദ്ദേശം സാധിച്ചു.

Harold said...

അനിയന്‍‌കുട്ടി പറഞ്ഞത് 100% ശരിയാണ്. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം? നാണമുള്ളവരല്ലേ തൊലിയുരിച്ചുകാട്ടിയാല്‍ തെറ്റു തിരുത്തൂ? സി.പി.എമ്മും അതിന്റെ സംഘടനാ വിശേഷങ്ങളും വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതു അതിനു മാര്‍ക്കറ്റ് ഉള്ളതു കൊണ്ടാണ്. പക്ഷേ, അതിനിടയിലും സംഘടനയെ ജനമദ്ധ്യത്തില്‍ ഇടിച്ചു താഴ്ത്താന്‍ അവരെ പ്രേരിപ്പിക്കുന്നതു മാധ്യമ മുതലാളിമാരുടെ വര്‍ഗ താല്പര്യം തന്നെ.

അനിയന്‍കുട്ടി said...

ഇന്നത്തെ പത്രത്തിലും ഇതു പോലൊരു വാര്‍ത്ത കണ്ടു. എസ്.ഐ.ടി-യിലെ ദാരുണസംഭവത്തില്‍, നിയമാനുസൃതമല്ലാതെ ആരോഗ്യമന്ത്രിയെ പ്രതിസ്ഥാനത്തു ചേര്‍ത്തത് പത്രങ്ങളുടെ പ്രധാന തലക്കെട്ടായിരുന്നല്ലോ. എന്നാല്‍ ഇന്നലെ ആ നടപടി പിന്‍വലിച്ച വാര്‍ത്ത ആറാമത്തെയോ ഏഴാമത്തെയോ താളില്‍ ഇടതുവശത്ത് ഒരു മൂലയിലാണ്‌ മാതൃഭൂമി കൊടുത്തിരിക്കുന്നത്.

ചില മാധ്യമങ്ങള്‍ സമാധാനം പറയാനുപയോഗിക്കുന്ന ഒരു വാചകമുണ്ട്, "പത്രങ്ങള്‍ എന്നും പ്രതിപക്ഷത്താണെന്ന്",
അല്ല, അതല്ല അവയുടെ ധര്‍മ്മം, അവ ജനപക്ഷത്തായിരിക്കണം.

മൂര്‍ത്തി പറഞ്ഞതു അക്ഷരം പ്രതി ശരിയാണ്‌. ഇത്തരം കപടമാധ്യമങ്ങളുടെ ഉദ്ദേശം ആരാണ്‌ ശരി എന്ന തര്‍ക്കങ്ങള്‍ക്കിടയില്‍ വിലപ്പോവുന്നുണ്ട്.

കിരണ്‍ തോമസ് said...

അങ്ങനെയങ്ങ്‌ മാധ്യമങ്ങളേ പഴിചാരന്‍ വരട്ടേ. ഈ വാര്‍ത്തയൊന്നു വായിക്കൂ. VS നയം വ്യക്തമാക്കിക്കഴിഞ്ഞു. പാര്‍ട്ടി സെക്രട്ടറി ആദ്യം പറഞ്ഞത്‌ മൂന്നാര്‍ നടപടി LDF ന്റെ നയപരിപാടിയുടെ ഭാഗമാണെന്നും അത്‌ ഒറ്റയാളുടെ നേട്ടമയി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ തെറ്റാണ്‌ എന്നുമാണ്‌. അതില്‍ VS ശ്രമിച്ചു എന്നത്‌ ഇല്ല എന്ന് മാത്രമല്ല VS നെ വിമര്‍ശ്സിക്കുന്ന ഒന്ന് അതില്‍ പ്രത്യക്ഷത്തില്‍ കണ്ടെത്താന്‍ കഴിയുകയുമില്ല. എന്നാല്‍ VS പറഞ്ഞ മറുപടി പിണറായിക്കിട്ട്‌ ഒന്ന് കുത്തുന്ന രീതിയില്‍ തന്നേയയിരുന്നു. അത്‌ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതാണ്‌ നമ്മള്‍ ഇതു വരെ ചര്‍ച്ച ചെയ്തത്‌. പക്ഷെ ഞങ്ങള്‍ തമ്മില്‍ അങ്ങനെയൊരു ആശയക്കുഴപ്പമില്ല എന്നും VS പാര്‍ട്ടിയുടെ സ്വത്താണ്‌ എന്ന രീതിയില്‍ പിണറായി പ്രതികരിച്ചതോടെ പ്രശ്നം ആറിത്തണുത്തതാണ്‌. പക്ഷെ VS വീണ്ടും തീ കൊളുത്തിത്തുടങ്ങി. VS ന്റെ ഈ പരാമര്‍ശം വിരല്‍ച്ചൂണ്ടുന്നത്‌ പിണറയിപക്ഷമാണ്‌ LDF ലെ ആശയക്കുഴപ്പം മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തത്‌ എന്നാണ്‌. അതിന്റെ ആവശ്യമുണ്ടോ. മാതൃഭൂമി പത്രത്തിന്റെ ഉടമ LDF ഘടക കക്ഷൈയുടെ നേതാവയിരിക്കുമ്പോള്‍ പിന്നെ വാര്‍ത്ത ചോരാന്‍ വേറേ വഴി വേണോ. അപ്പോള്‍ ഇതെല്ലാം തെളിയിക്കുന്നത്‌ മൂന്നാര്‍ ഓപ്പറേഷന്റെ ക്രഡിറ്റ്‌ കൈവിട്ടുപോകുന്നത്‌ VS ന്‌ ഇഷ്ടമല്ല. അത്‌ പത്രക്കാരെ ഉപയോഗിച്ച്‌ പാര്‍ട്ടിക്കരെതിരെ ഒളിയമ്പുകള്‍ എയ്ത്‌ VS സ്വന്തമാക്കും. പാവം CPI ക്കാര്‍ അവരുടെ ഓഫീസ്‌ പൊളിച്ചതോടെ അവരുടെ വകുപ്പില്‍ നടന്ന ഒരു വന്‍ സംഭവത്തിന്റെ ക്രഡിറ്റ്‌ മൊത്തം ഹൈജാക്ക്‌ ചെയ്യപ്പെട്ടു.

അനിയന്‍കുട്ടി said...

കിരണ്‍ രണ്ടു കാര്യങ്ങള്‍ കൂടി പറയണം.

1. വീയെസ്സ് പറഞ്ഞ മറുപടികള്‍
2. വീയെസ്സ് കൊളുത്തി എന്നു പറയുന്ന തിരി

ഞാന്‍ കേട്ട വീയെസ്സിന്റെ മറുപടിയില്‍ എനിക്ക് അസ്വാഭാവികമായി ഒന്നും തന്നെ തോന്നിയില്ല എന്നത് ഒരു കാര്യം. സ്വന്തം പാര്‍ട്ടിയില്‍, വേറൊരാള്‍ ഇങ്ങനെ പറയുന്നല്ലോ താങ്കളെന്തു പറയുന്നു എന്ന് കുത്തിക്കുത്തി ചോദിക്കുമ്പോള്‍, LDF-ന്റേതാണ്‌ മൂന്നാര്‍ നടപടിയുടെ അന്തിമതീരുമാനം എന്നു തന്നെയാണ്‌ വീയെസ്സ് പറഞത്.

പിന്നെ, കിരണ്‍, വീയെസ്സ് വെറും പേപ്പര്‍ പബ്ളിസിറ്റിക്കു വേണ്ടി ഇത്തരമെന്തെങ്കിലും നടത്തുമെന്നു വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്.

CPI എന്നോ ക്രെഡിറ്റ് എന്നോ ഒന്നും ചിന്തിച്ചിട്ടല്ല കിരണ്‍ മൂന്നാറില്‍ JCB-കള്‍ മുരളുന്നത്. അതൊരു സംഘടനയുടെ കൂട്ടായെടുത്ത തീരുമാനത്തിന്റെ ഫലമാണ്‌. അവിടെ ആരും ഹൈജാക്ക് ചെയ്യപ്പെട്ടിട്ടില്ല. ആര്‍ക്കും അതിന്റെ ക്രെഡിറ്റും വേണ്ട.

കിരണ്‍ തോമസ് said...

അല്ലല്ലോ അനിയന്‍ കുട്ടി

VS പറഞ്ഞതിങ്ങനെ
" എന്റെ നേട്ടമായി ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. വല്ല മാധ്യമങ്ങളും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോട്‌ ചോദിക്കണം "

" എതിര്‍പ്പുകള്‍ പലയിടത്തു നിന്നും ഉണ്ടായിരിന്നു. അതില്ലായിരുന്നു എന്ന് പറയനുള്ള മറ്റുള്ളവരുടെ സ്വതന്ത്ര്യം ഞാന്‍ തടയുന്നില്ല. "

ഈ മറുപടികള്‍ കേള്‍ക്കുന്ന സാധരണ മനുഷ്യര്‍ വിചാരിക്കുന്നതെ മാധ്യമങ്ങള്‍ പറഞ്ഞുള്ളൂ.
ഇനി ഞാന്‍ നേരത്തെ നല്‍കിയ ലിങ്കിന്റെ ബാക്കി ഇതാ പാര്‍ട്ടി സെക്രട്ടരി പറഞ്ഞു കഴിഞ്ഞു.

ഇവിടെ വായിക്കൂ.

അനിയന്‍കുട്ടി said...

നോക്കൂ കിരണ്‍, "എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു" എന്നതിനര്‍ത്ഥം എല്ലാരും എതിര്‍ത്തു, ഞാന്‍ സമ്മതിച്ചില്ല എന്നല്ല. ഒരു സംഘടനയാകുമ്പോള്‍ അതില്‍ പലതരം അഭിപ്രായങ്ങള്‍ വരും. അവയെ സ്വാംശീകരിച്ച് ഭൂരിപക്ഷത്തിന്‌ ശരിയെന്നു തോന്നുന്നതാണ്‌ മുന്നണി തീരുമാനം എന്ന പേരില്‍ പുറത്തു വരുന്നത്.

എന്റെ ലക്‌ഷ്യം വീയെസ്സോ പിണറായിയോ ശരി എന്നല്ല. അത്തരമൊരു ചര്‍ച്ചയ്ക്ക് യാതൊരു പ്രസക്തിയും ഇല്ല. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം ശരിയോ തെറ്റോ എന്നതാണ്‌ പ്രധാന കാര്യം. അതിലുപരി, ഈ പോസ്റ്റിന്റെ ഉദ്ദേശം മാധ്യമങ്ങള്‍ സര്‍ക്കാര്‍ തീരുമാനങ്ങളോട് കാണിക്കുന്ന തെറ്റായ അസഹിഷ്ണുതയാണ്‌.

നമുക്കു ചുറ്റും നടക്കുന്ന ഒട്ടു മിക്ക മാധ്യമപ്രവര്‍ത്തനങ്ങളും നോക്കിയാല്‍ ഇതു മനസ്സിലാവുന്നതാണ്‌. നാടിന്‌ അപമാനകരമായോ തെറ്റായോ എന്തെങ്കിലും നടന്നാല്‍ അതിനെ അപലപിക്കുകയും ആ മുറിവിനെ കെടുത്താന്‍ നോക്കുകയും വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നതിനു പകരം കാലണയ്ക്ക് പ്രയോജനമില്ലാത്ത sms വോട്ടെടുപ്പുകളും "രാജേഷ് കേള്‍ക്കുന്നുണ്ടോ കേള്‍ക്കുന്നുണ്ടോ" ശൈലിയിലുള്ള റിപ്പോര്‍ട്ടിങ്ങിനും എതിരെയാണ്‌ ഞാന്‍ പറയാനുദ്ദേശിക്കുന്നത്.
നാടിനു പ്രയോജനമില്ലാത്ത വിവാദങ്ങളെ കേടാതെ നിര്‍ത്തുന്ന തെറ്റായ മാധ്യമശൈലിയെയാണ്‌ ചോദ്യം ചെയ്യുന്നത്.

കിരണ്‍ തോമസ് said...

ഇതിനു മുന്‍പും കമ്യൂനിസ്റ്റ്‌ മന്ത്രി സഭകള്‍ ഭരിച്ചിരിന്നു. അന്നോന്നും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മാധ്യമങ്ങള്‍ക്ക്‌ വളം വച്ച്‌ കൊറ്റുത്തിട്ടില്ല. എന്തിന്‌ നയ പരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കാരുപോലും ഇതു പോലെ പ്രവര്‍ത്തിച്ചിട്ടില്ല ( അവസന കാലത്ത്‌ കരുണകരനൊഴികെ). ഇവിടെ പാര്‍ട്ടി സെക്രട്ടരിയും മുഖ്യമന്ത്രിയും നടത്തുന്ന പ്രസ്താവന കണ്ടാല്‍ വര്‍ഗ്ഗ ശത്രുക്കള്‍ സംസരിക്കുന്നതുപോലെയുണ്ട്‌. ADB യില്‍ പിണറായി സ്കോര്‍ ചെയ്തു മൂന്നറില്‍ അത്‌ VS ചെയ്യുന്നു. അത്രമാത്രം. പിണറായി കൈരളി ടി.വി യില്‍ തന്റെ വേണ്ടപ്പെട്ടവരെക്കൊണ്ട്‌ അഭിമുഖം നടത്തിക്കുമ്പോള്‍ VS മറ്റു മാധ്യമങ്ങളില്‍ തന്റെ വേണ്ടപ്പെട്ടവരെ ഉപയോഗിച്ച്‌ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങളെ ഉപയോഗിച്ച്‌ തന്‍ കാര്യം നേടാന്‍ ശ്രമിക്കുന്നവര്‍ ചില തിരിച്ചടികളും പ്രതീക്ഷിക്കണം. പിണറായിയും VS ഉം 2 ആഴ്ച വായടക്കട്ടെ എല്ലാ പ്രശ്നങ്ങളും തീരും. മാധ്യമങ്ങള്‍ വേറെ ആളേ തപ്പിപ്പോകും

മൂര്‍ത്തി said...

എന്തായാലും ഒരു ദിവസം വി.എസ് എന്തോ പറഞ്ഞു പിണറായി എന്തോ പറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങല്‍ ചെയ്യുന്ന തരികിടകള്‍ ഇല്ലാതാവുകയൊന്നും ഇല്ല. ഭൂതകാലം മാറുകയും ഇല്ല. പീണറായിയും വീ എസ്സും സംസാരിക്കുന്നതു കണ്ടാല്‍ വര്‍ഗശത്രുക്കള്‍ സംസാരിക്കുന്നതുപൊലെ ഒന്നും തോന്നുകയില്ല. ഞാന്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുത്തു എന്ന് വി.എസ് പറയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നു തന്നെയാണ് പിണരായി പറഞ്ഞത്. പക്ഷെ സംശയത്തിനിട കൊടുക്കുന്ന രീതിയില്‍ വി.എസ്. മറുപടി പറയാതെ പോകരുതായിരുന്നു എന്ന് പിണറായി പറഞ്ഞത് തലക്കെട്ടാവുന്നു എന്നു മാത്രം. ബോള്‍ഡില്‍ കൊടുത്തത് എന്തുകൊണ്ട് മാധ്യമങ്ങളുടെ വാര്‍ത്ത ആവുന്നില്ല എന്നു കൂടി ആലോചിക്കണം..

മൂര്‍ത്തി said...

ഈ സംഭവത്തെക്കുറിച്ചുള്ള ദേശാഭിമാനി വാര്‍ത്ത ഇവിടെ

അനിയന്‍കുട്ടി said...

ഇന്നലത്തെ സംഭവം ശ്രദ്ധിച്ചോ? ഇന്നലെ രണ്ട് നേതാക്കളുടെയും പത്രസമ്മേളനം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്ക് എന്തു കൊണ്ട് അവര്‍ പറയുന്നതിന്റെ അര്‍ഥം അതു പോലെ തന്നെ വിശദീകരിച്ചു കൂടാ? എന്തിനു മാതൃഭൂമി "തുറന്ന പോര്" എന്ന് വെണ്ടക്ക നിരത്തി? ആ തലക്കെട്ടിനടിയിലെ വാര്‍ത്തയില്‍ ആദ്യത്തെ മൂന്ന്-നാല്‌ വാചകങ്ങളില്‍ മാത്രമേ വീയെസ്സ് പറഞ്ഞ, വേറെന്തിങ്കിലും തരത്തില്‍ വ്യാഖ്യാനിക്കാവുന്ന, കാര്യങ്ങള്‍ ഉള്ളൂ. അപ്പൊപ്പിന്നെ പ്രധാന വാര്‍ത്ത അതല്ലെന്നിരിക്കെ എന്തിന്‌ ജനങ്ങളുടെ കണ്ണില്‍ പോടിയിടാന്‍ ഇത്തരം തലക്കെട്ടുകള്‍ കൊടുക്കുന്നു? മാതൃഭൂമിയുടെ അഞ്ചാം പേജില്‍ കൊടുത്തിരിക്കുന്ന CPM-ലെ ചേരിപ്പോരു്‌ എന്ന വാര്‍ത്തയില്‍ "ക്രെഡിറ്റിന്റെ പേരിലാണ്‌ വഴക്ക്" എന്നെഴുതിയിരിക്കുന്നു. ഇന്നലത്തെ രണ്ട് പത്രസമ്മേളനങ്ങളും ഞാനും മുഴുവനായി tv-ല്‍ കണ്ടതാണ്‌. വീയെസ്സ് അങ്ങനെ പറഞ്ഞെങ്കില്‍ അത് ശരിയായില്ല എന്നു പറയുന്നതിനോടൊപ്പം തന്നെ താനും വീയെസ്സും തമ്മില്‍ പോരു്‌ നടത്തുമെന്ന് നിങ്ങളാരും മോഹിക്കണ്ട എന്നു കൂടെ പിണറായി പറഞ്ഞതിന്‌ എന്തു കൊണ്ട് പത്രങ്ങള്‍ പ്രാധാന്യം കൊടുക്കുന്നില്ല? ക്രെഡിറ്റ് എനിക്കാണ്‌ മറ്റേയാള്‍ക്കല്ല എന്ന രീതിയില്‍ ആരും ഒരു വാക്കു പോലും പറഞ്ഞതായി ഞാന്‍ കണ്ടില്ല. പിന്നെ, "ക്രെഡിറ്റിന്റെ പേരില്‍ ഭിന്നത" എന്ന തലക്കെട്ട് വരാന്‍ എന്താണ്‌ കാരണം?

പോസ്റ്റിന്റെ ലക്‌ഷ്യം ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങളോടുള്ള എതിര്‍പ്പാണ്‌. വ്യക്തികളെ ചൂണ്ടി സംസാരിക്കുന്ന മാധ്യമങ്ങള്‍ അവരെടുക്കുന്ന നല്ല കാര്യങ്ങളെ ഒന്നും തന്നെ വില വെക്കുന്നില്ല.
ഇതിപ്പൊ വീയെസ്സ് എന്തു ചെയ്താലും പിണറായി അതിനെതിരാണ്‌ എന്ന ഒരു കാഴ്ചപ്പാടിലേക്ക് കാര്യങ്ങളെ കൊണ്ട്ചെന്ന് കെട്ടാനുള്ള നീക്കമാണ്‌. അത്തരം നീക്കങ്ങള്‍ക്കിടെ നാടിന്റെ ശരിയായ പ്രശ്നങ്ങളില്‍ നിന്നും ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ പിന്നോട്ടടിക്കുന്നു എന്നതാണ്‌ ഖേദകരം.

കിരണ്‍ തോമസ് said...

ഒരു ചെറിയ സംശയം ചോദിച്ചോട്ടെ. VS ഇന്നലെപ്പറഞ്ഞത്‌ ശരിയാണോ ? ഒരാവശ്യവും ഇല്ലാത്ത പ്രസ്താവനയല്ലേ അദ്ദേഹം നടത്തിയിരിക്കുന്നത്‌. പിണറായുടെ മറുപടികള്‍ വ്യക്തവും വസ്തുനിഷ്ടവുമാണ്‌. പിണറായി ഇങ്ങനെ പ്രതികരിച്ചില്ലായിരുന്നു എങ്കില്‍ ഇന്നത്തെ പത്രങ്ങളില്‍ വരുന്ന വാര്‍ത്ത എന്താകുമായിരുന്നു. ഒരു സാമ്പിള്‍ ഞാന്‍ പറയാം

" പിണറായിക്കെതിരെ കടുത്ത വിമര്‍ശനം VS നടത്തിയിട്ടും VS ന്റെ വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണയെ ഭയന്ന് ഇപ്പോള്‍ ഒരു മറുപടി പറയാതിരിക്കുന്നതാവും നല്ലതെന്ന് പിണറായി കരുതുന്നു. പാര്‍ട്ടി വേദികളില്‍ ഇത്‌ ഉന്നയിക്കാനവും പിണറായി ശ്രമിക്കുക. "

ഇന്നത്തെ യഥാര്‍ത്ത പ്രശ്നം VS പിണറായും തമ്മിലുള്ള വ്യക്തി വൈരം തന്നെ. പിണാറായി സംഘടനയില്‍ അദ്ദേഹത്തിന്റെ ശക്തിയുപയോഗിച്ച്‌ VS നെ മുറിക്കിക്കെട്ടാന്‍ ശ്രമിക്കുമ്പോള്‍ VS തനിക്കനുകൂലമായ മാധ്യമ സഖ്യം രൂപികരിച്ച്‌ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നു. ഒരു കാര്യം സത്യം മാധ്യമ സിണ്ടിക്കേറ്റ്‌ എന്ന് പിണറായി പറയുന്നത്‌ VS പക്ഷത്തുള്ള ചിലരെക്കുറിച്ച്‌ (അതില്‍ VS ഉം പെടും) മാത്രമാണ്‌. തന്നെ മുഖ്യമന്ത്രി സ്ഥാനത്തെക്കെത്തിച്ചത്‌ പാര്‍ട്ടിയല്ല മാധ്യമങ്ങളാണ്‌ എന്ന് വിശ്വസിക്കുന്ന VS ഒരിക്കലും അവരെത്തള്ളിപ്പറയില്ല. VS തള്ളിപ്പറഞ്ഞത്‌ തന്നെ എതിര്‍ക്കുന്ന ദീപികയേ മാത്രം. പിണറായി തള്ളിപ്പറയാത്തത്‌ തന്നെ അനൂകൂലിക്കുന്ന ദീപികയേ മാത്രം. മാതൃഭൂമിയും മാധ്യമവും മംഗളവും പരസ്യമായി VS പക്ഷം പിടിക്കുമ്പോള്‍. മനോരമ അതിന്റെ സ്വതസിദ്ധമായ CPM വിരുദ്ധ നിലപാടുകള്‍ക്ക്‌ വേണ്ടി VS നെ ഉയര്‍ത്തിക്കാണിക്കുകയും ചിലപ്പോള്‍ തഴ്‌ത്തിക്കാണിക്കുകയും ചെയ്യുന്നു. എന്നാലും അവര്‍ പിണറായി എതിര്‍ക്കുന്നു. അപ്പോള്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങ്ല് പിണറായിയെ മോശക്കാരനായും VS നെ നല്ലവനായും ചിത്രീകരിക്കുന്നു.

മൂര്‍ത്തി said...

"പിണറായിക്കെതിരെ കടുത്ത വിമര്‍ശനം VS നടത്തിയിട്ടും VS ന്റെ വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണയെ ഭയന്ന് ഇപ്പോള്‍ ഒരു മറുപടി പറയാതിരിക്കുന്നതാവും നല്ലതെന്ന് പിണറായി കരുതുന്നു. പാര്‍ട്ടി വേദികളില്‍ ഇത്‌ ഉന്നയിക്കാനവും പിണറായി ശ്രമിക്കുക. "

ഇത്തരത്തിലുള്ള പത്രവാര്‍ത്ത വാര്‍ത്തയല്ല. വ്യാഖ്യാനം മാത്രം.. ഇന്ന്‌ നാം വാര്‍ത്തയല്ല വായിക്കുന്നത് വ്യാഖ്യാനങ്ങളാണ്.

പിണരായി പത്രസമ്മേളനം നടത്തിയത് എ.കെജി സെന്ററിനെക്കുറിച്ചുള്ള പത്രവാര്‍ത്തക്കെതിരെ പ്രതികരിക്കാനായിരുന്നില്ലെന്ന് മാതൃഭൂമി എഴുതിവിടുമ്പോള്‍ പത്രപ്രവര്‍ത്തകന് ടെലിപ്പതി അറിയും എന്ന് വിചാരിക്കണോ?

മനോരമയില്‍ ഏറ്റുമുട്ടല്‍ എന്ന വന്‍ തലക്കെട്ടിനു താഴെ സുജിത് നായര്‍ എഴുതിയ അവലോകനം. അതിനു താഴെ വി.എസ്. പറഞ്ഞതിന്റെ വാര്‍ത്ത, തൊട്ടടുത്ത് പിണറായി പറഞ്ഞതിന്റെ വാര്‍ത്ത. ഈ രണ്ടു വാര്‍ത്തകള്‍ മാത്രമേ വളച്ചൊടിച്ചില്ലെങ്കില്‍ വാര്‍ത്ത ആയുള്ളൂ. ബാക്കിയൊക്കെ മനോരമയുടെ വീക്ഷണം. ഉള്ളിലെ പേജുകളിലും നിറയെ ഇതുപോലുള്ള വീക്ഷണങ്ങള്‍. ഇതെന്തു തരം പത്രപ്രവര്‍ത്തനമാണ്? നമ്മളൊക്കെ conditioned ആയിക്കഴിഞ്ഞു. ഇത്തരം കലാപരിപാടികള്‍ കണ്ടാലും പ്രത്യേകിച്ച് ഒരു രോഷവും തോന്നാത്ത വായനക്കാരായിക്കഴിഞ്ഞു. വാ‍യനക്കാരന്റെ അറിയാനുള്ള അവകാശത്തില്‍ നിന്നുമാണ് മാധ്യമ സ്വാതത്ര്യം എന്ന അവകാശം ഉണ്ടാകുന്നത് എന്നു പോലും നാം മറന്നു പോകുന്നു.

“പറഞ്ഞാല്‍ അച്ഛന്‍ അമ്മയെ തല്ലിക്കൊല്ലും പറഞ്ഞില്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും“ എന്ന ഒരു തരം Catch 22 situation ആണിവിടെ. ആരെന്തു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും എന്തെങ്കിലും കണ്ടുപിടിച്ച് സെന്‍സേഷനാക്കും. മാധ്യമങ്ങള്‍ ചെയ്യുന്നത് ശരിയോ എന്ന ചോദ്യമാണ് ഈ പോസ്റ്റ് ഉയര്‍ത്തുന്നത് എന്ന് എനിക്കു തോന്നുന്നു..

അനിയന്‍കുട്ടി said...

പോസ്റ്റിന്റെ ഉദ്ദേശം മൂര്‍ത്തി പറഞ്ഞതു തന്നെ.
പിന്നെ കിരണ്, വീയെസ്സ് പറഞ്ഞത് ശരിയോ തെറ്റോ എന്നതിന്റെ ചര്‍ച്ച ഈ പോസ്റ്റിന്റെ ലക്‌ഷ്യമല്ല. നാം നേരില്‍ കാണുന്ന കാര്യങ്ങളെയും, പത്രസമ്മേളനങ്ങളെയും എങ്ങനെ വിവാദങ്ങളാക്കി മാറ്റുന്നു എന്നതിന്റെ ഒരുദാഹരണം കാണിക്കാനാണെന്റെ ശ്രമം.
വീയെസ്സ് പത്രസമ്മേളനം വിളിച്ചത് പിണറായിയെ കുറ്റം പറയാനുമോ മാധ്യമങ്ങളുമായി സൊറ പറയാനോ അല്ലല്ലോ? മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കാനാണ്‌. അപ്പൊ ആ വാര്‍ത്തയേക്കാള്‍ പ്രാധാന്യം എണീറ്റുപോകുംവഴി പറഞ്ഞ ഒന്നോ രണ്ടോ വാചകങ്ങള്‍ക്ക് കൊടുക്കുന്നത് എന്ത് മാധ്യമനീതിയാണ്‌? സ്വന്തം രാഷ്ട്രീയവീക്ഷണങ്ങള്‍ക്കു വേണ്ടി മാധ്യമസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുതെന്നേ ഉദ്ദേശിക്കുന്നുള്ളൂ.

Anugraheethan said...

ഹാ ഹാ അച്ചു മാമനെയും പിണറായി മാമനെയും പുറത്താക്കിയേ.......... ഇനി വീട്ടില്‍ നിന്നും അച്ച്നെയും  അമ്മയെയും വിളിച്ചു കൊണ്ടു വന്നാല്‍ മാത്രമേ പി ബി യില്‍  തിരിച്ചു കയറാന്‍ പറ്റൂ........

 
ജാലകം